കട്ടപ്പനയിലും ആപ്പിൾകാലം
text_fieldsകട്ടപ്പന: ജില്ലയിൽ മറയൂർ, കാന്തല്ലൂർ മേഖലകളിൽ മാത്രമേ ആപ്പിൾ കൃഷിചെയ്യാൻ അനുയോജ്യ കാലാവസ്ഥയുള്ളൂ എന്ന മുൻവിധി തിരുത്തിക്കുറിച്ച് കട്ടപ്പനയിലും ആപ്പിൾ വിളവെടുത്തു തുടങ്ങി. കട്ടപ്പനയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ വലിയതോവാളയിൽ എത്തിയാൽ കളപ്പുരക്കൽ ബിജു ആന്റണിയുടെ ‘മിറാക്കിൾ ഫാം’ എന്ന ആപ്പിൾ തോട്ടം കാണാം. എല്ലാത്തരം പഴവർഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ആപ്പിളാണ് മുഖ്യആകർഷണം.
‘‘ആപ്പിൾ ഉണ്ടാകുന്നത് ശൈത്യമേഖലയിലല്ലേ, ഇവിടെ ഏലമോ കുരുമുളകോ കൃഷി ചെയ്താൽ പോരെ?’’-20 മാസം മുമ്പ് ബിജു ആന്റണി നേരിട്ട ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്ന് ഈ തോട്ടത്തിലെ മൂത്തുപഴുത്ത മധുരമൂറുന്ന ആപ്പിളുകൾ. പഴുത്ത ആപ്പിൾ സന്ദർശകർക്ക് കഴിക്കാൻ മുറിച്ച് നൽകി ബിജു തന്റെ സന്തോഷം പങ്കിടുന്നു. ഇതിനകം 50 കിലോയോളം വിളവെടുത്തു.
സാധാരണ മേയ് മുതൽ ആഗസ്റ്റ് വരെയാണ് ആപ്പിൾ സീസണെങ്കിലും 365 ദിവസവും കായ്ഫലമുള്ള ആപ്പിൾ കൃഷിയാണ് ഈ ഫാമിലേത്. ഒരേ ചെടിയിൽ തന്നെ പൂവും ചെറുകായ്കളും മുതൽ പഴുത്ത ആപ്പിൾ വരെയുണ്ട്. ഇസ്രായേലിൽനിന്നുള്ള അന്ന, ഡോർസെറ്റ്, ഇന്ത്യയുടെ ട്രോപ്പിക്കൽ സ്വീറ്റ്, സമ്മർസോൺ ഇനങ്ങളാണ് കൂടുതൽ.
ഏതു കാലാവസ്ഥയിലും കായ്ഫലം ഉറപ്പുവരുത്തിയതോടെ ആപ്പിൾ ഗ്രാഫ്റ്റ് തൈകളുടെ വിപണനത്തിലാണ് ബിജു ശ്രദ്ധ കേന്ദ്രീകരിച്ചത്. പുറത്തുനിന്ന് ഗുണമേന്മയേറിയ ഗ്രാഫ്റ്റ് തൈകൾ ഫാമിലെത്തിച്ച് ആവശ്യമായ പരിചരണവും വളപ്രയോഗവും നടത്തിയാണ് കൃഷി. രണ്ടുവർഷം പ്രായമായ ഗ്രാഫ്റ്റ് തൈകൾ മുതൽ കായ് പിടിച്ച വലിയ ചെടികൾക്കുവരെ ആവശ്യക്കാർ ഏറെയാണ്.
15 മാസമായ ചെടിയിൽ 25ലധികം കായ്കളുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഓൺലൈനായാണ് ആപ്പിൾ തൈകളുടെ വിപണനം. ആപ്പിൾ തോട്ടം നേരിൽക്കണ്ട് കൃഷിരീതി മനസ്സിലാക്കാനെത്തുന്നവരും ധാരാളം. ഫോട്ടോഗ്രാഫറായിരുന്ന ബിജുവിന് കൃഷിയോടുള്ള താൽപര്യമാണ് ഫാമിന്റെ പിറവിക്ക് പിന്നിൽ. കർഷകോത്തമ ഉൾപ്പെടെ മൂന്ന് സംസ്ഥാന അവാർഡും 29ൽ അധികം ഇതര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോളും മക്കളായ അമൽ, ആബേൽ എന്നിവരും കൃഷിയിൽ ബിജുവിനെ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.