പൂക്കൾ കൊഴിയുന്ന ആപ്പിൾ മരങ്ങൾ; കാലാവസ്ഥ മാറുമ്പോൾ ഹിമാചലിലെ തോട്ടങ്ങളിൽ വിളയുന്നത് നിരാശ...
text_fieldsഹിമാചൽ പ്രദേശിൽ ഒരുപാടുപേരുടെ വരുമാന സ്രോതസ്സാണ് ആപ്പിൾ കൃഷി. ആഗോള ആപ്പിൾ ഉത്പാദനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനമാണിത്. എന്നാൽ, ഇവിടുത്തെ ആപ്പിൾ ഉത്പാദനം ഈ വർഷം 50 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ. കാലംതെറ്റിപ്പെയ്യുന്ന മഴയും മഞ്ഞും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും ഹിമാചലിലെ ആപ്പിൾ കൃഷിക്ക് ഏറെ ദോഷകരമായി ഭവിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം 3.36 കോടി പെട്ടി ആപ്പിൾ വിളവെടുത്ത സ്ഥാനത്ത് ഈ വർഷത്തെ ഉത്പാദനം ഏകദേശം 1.5 മുതൽ രണ്ടു കോടി വരെ ബോക്‌സുകൾ മാത്രം.
ഉത്പാദനത്തിലെ ഈ ഗണ്യമായ കുറവ് സംസ്ഥാനത്തെ ഗ്രാമീണ കുടുംബങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുകയാണ്. പ്രശ്നത്തിന്റെ തീവ്രത മനസ്സിലാക്കണമെങ്കിൽ, പേമാരിയിൽ കൃഷി തകർന്ന ഹിമാചലിലൂടെ ഒരു യാത്ര നടത്തിയാൽ മതി.
ആപ്പിൾ കൃഷിക്ക് തുടക്കമിട്ട ബഞ്ചാർ വാലി പ്രദേശത്ത് ചെന്നാൽ കഥ ഏറക്കുറെ വ്യക്തമാകും. കാലാവസ്ഥയിലെ മാറ്റം ഈ മണ്ണിൽ വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഗോതമ്പ്, പയർ പാടങ്ങളൊക്കെ നശിച്ചുകിടക്കുന്നു. പഴയ പാലങ്ങൾ ഒലിച്ചുപോയി. പർവതപാതകൾ പലതും ഇല്ലാതായിട്ടുണ്ട്. ആപ്പിൾ കൃഷി ഇപ്പോൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിരിക്കുന്നു. ‘ഈ വർഷം എല്ലാം കൊണ്ടും കനത്ത നഷ്ടമാണ്. മണ്ണിടിച്ചിലിൽ ആപ്പിൾ മരങ്ങളും ഇവിടുത്തെ പാടങ്ങളിലെ ഗോതമ്പ് കൃഷിയുമെല്ലാം നശിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പൂമൊട്ട് വിരിഞ്ഞ സമയത്ത് ഉണ്ടായ ക്രമരഹിതമായ കാലാവസ്ഥയിൽ ഈ കഷ്ടകാലത്തിന് തുടക്കമായി. പെട്ടെന്ന്, താപനില പൂജ്യത്തിലേക്ക് താഴ്ന്നതോടെ പൂക്കൾ കറുത്തുപോയി. കുറച്ച് ദിവസത്തേക്ക് വെയിൽ കാര്യമായി ഉണ്ടായിരുന്നില്ല. സൂര്യപ്രകാശത്തിന്റെ അഭാവം കാരണം പൂവിരിയുന്നതിൽ 20 ശതമാനത്തോളം കുറവുണ്ടായി. തുടർന്ന് കാലാവസ്ഥാ വ്യതിയാനം, ക്രമരഹിതമായ മഴ, ആലിപ്പഴ വർഷം തുടങ്ങിയവ അവശേഷിച്ച പൂക്കളേയും ബാധിച്ചു. അതിന്റെ ഫലമായി മൊത്തം ഉത്പാദനത്തിൽ 40 ശതമാനത്തിലേറെ ഇടിവുണ്ടായി’ -ഭട്ടറിനടുത്തുള്ള മലഞ്ചെരുവിലെ ഗ്രാമമായ ഗഡിഞ്ചയിലെ യുവ ആപ്പിൾ കർഷകൻ രാംദാസ് പറഞ്ഞു.
‘ഉയർന്ന മലമുകളിലുള്ള കൃഷിയിടങ്ങളിൽ സെപ്റ്റംബറിലാണ് വിളവെടുപ്പ് സമയം. ഈ വർഷം, എന്റെ നാല് കൃഷിയിടങ്ങളിൽ പതിവ് സീസണിലെ 500-600 കൊട്ടകളുടെ വിളവെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കുറി 10-15 കൊട്ട വിളവ് മാത്രമേ ലഭിക്കാനിടയുള്ളൂ. കൃഷി ചെയ്യാനുണ്ടായ ചെലവു കാശു പോലും ഈ വർഷം ലഭിക്കില്ല’ -രാംദാസ് നിരാശയോടെ പറയുന്നു.
വടക്കോട്ട് കുളു താഴ്‌വരയുടെ ഉൾഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. റോഡ് മിക്കവാറും ഒലിച്ചുപോയതിനാൽ, മലമുകളിൽ സ്ഥിതി ചെയ്യുന്ന നഥാൻ ഗ്രാമത്തിലേക്ക് കാൽനടയായാണ് കയറിയെത്താനാവുക. ഗ്രാമത്തിൽ വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ, നിരാശനായിരിക്കുകയാണ് യുവ ആപ്പിൾ കർഷകനായ പാലി താക്കൂർ. പൂക്കളില്ലാത്ത, മഴയിൽ കുതിർന്ന ആപ്പിൾ തോട്ടത്തിൽ വിഷണ്ണനായി ഇരിക്കുകയാണ് പാലി. ‘ഞങ്ങൾ ഒരു ബിഗയിൽ (കൃഷിയിടത്തിന്റെ അളവ്) 25 മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്. ഇപ്പോൾ ഒരു മരത്തിലും നല്ല പഴങ്ങളോ പൂക്കളോ ഇല്ല. മഴയും ആലിപ്പഴ വർഷവും വ്യാപകമായ നാശനഷ്ടമാണുണ്ടാക്കിയത്’ -പാലി താക്കൂർ പറഞ്ഞു.
മലമുകളിലായതിനാൽ നഥാനിൽ കൃഷിയെടുക്കാൻ ചെലവ് കൂടുതലാണ്. 20 കിലോ വരുന്ന ഒരു പെട്ടി ആപ്പിളിന് മൊത്തത്തിലുള്ള ചെലവാണ് ഞങ്ങൾ കണക്കാക്കുന്നത്. വണ്ടി വാടകക്കും പാക്കിങ്ങിനുമായി 90 രൂപ, രാസവളത്തിന് 28, കീടനാശിനികൾക്ക് 20, കള പറിക്കുന്നതിന് 20 എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഓരോ സീസണിലും ഒരു കൊട്ട വിളവിന് ഏകദേശം 210-250 രൂപ വരും. ഭൂമിയുടെ വില, കുടുംബത്തിന്റെ അധ്വാനം, മറ്റ് ചെലവുകൾ എന്നിവയൊന്നും ഇതിൽ ഉൾപെടുത്തിയിട്ടില്ല. വർഷത്തിൽ ഒരു വിള മാത്രമുള്ളതിനാൽ, ഞങ്ങളുടെ മുഴുവൻ വരുമാനവും അതിനെ ആശ്രയിച്ചാണുള്ളത്’ -പാലി വിശദീകരിച്ചു.
‘ഈ വർഷം ആപ്പിൾ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഷിംലയിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല, ഹിമാചലിലുടനീളം കാലാവസ്ഥയിലെ മാറ്റവും മറ്റും വിളവിനെ ദോഷകരമായി ബാധിച്ചു’ -ഷിംലയിൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ കീഴിലുള്ള വ്യാപാര സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്ന ആർ.എസ്. മിൻഹാസ് പറഞ്ഞു. ആപ്പിളിന് പൂവിടുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ഇതിൽ രണ്ട് ഘട്ടങ്ങളെ കാലാവസ്ഥാ മാറ്റം ഏറെ പ്രതികൂലമായി ബാധിച്ചു. ഷിംലയിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല, ഹിമാചലിലുടനീളം ഈ തിരിച്ചടിയുണ്ടായി. അമിതമായ തണുപ്പും പിന്നാലെയുണ്ടായ കനത്ത ചൂടും ആപ്പിൾ പൂക്കൾ വാടിപ്പോകാൻ കാരണമായി’ -മിൻഹാസ് കൂട്ടിച്ചേർത്തു.
‘ഉൽപാദനം ഏകദേശം പകുതിയായി കുറഞ്ഞിരിക്കുന്നു. അതിനാൽ, ഈ വർഷം ആപ്പിളിന്റെ വില ഏകദേശം 25 ശതമാനം വർധിക്കും. ഇറക്കുമതി ചെയ്ത ആപ്പിളുകൾ ഇക്കുറി ഏറെയുണ്ടാകും. അവയ്ക്ക് നല്ല വിലയും കൊടുക്കേണ്ടിവരും’ -ആസാദ്പൂർ മാണ്ഡിയിലെ പ്രമുഖ വ്യാപാരികളിൽ ഒരാളായ അമിതാഭ് ധവാൻ പ്രതികരിച്ചു. ഈ ദുരവസ്ഥക്ക് കാരണമായത് നൂറുശതമാനവും കാലാവസ്ഥയിലെ മാറ്റമാണ്. ആഗോളതാപനവും മറ്റും കാരണം ഈ വർഷം മുഴുവൻ കാലാവസ്ഥ താളം തെറ്റിയാണുള്ളത്. ലഹുവാളിലും സ്പിതിയിലും ഇപ്പോൾ അടുത്തുപോലും മറ്റുവീഴ്ചയുണ്ടായെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? മഴക്കാലം നീണ്ടുപോകുന്നു, പൊടുന്നനെ കനത്ത മഴ പെയ്യുന്നു, ശേഷം കടുത്ത ചൂടെത്തുന്നു. ലഹുവാൾ മുതൽ രാജ്ഗഡ് വരെയുള്ള മുഴുവൻ ആപ്പിൾ മരങ്ങളെയും ഈ കാലാവസ്ഥ വ്യതിയാനം ബാധിക്കുകയാണ്’ -മിൻഹാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.