എട്ടു മാസമായി ശമ്പളമില്ല; ജീവിതം വഴിമുട്ടി ആറളം ഫാം തൊഴിലാളികൾ
text_fieldsകേളകം: എട്ടു മാസമായി ചെയ്ത ജോലിക്ക് കൂലിയില്ലാതെ ജീവിതം വഴിമുട്ടി ആറളം ഫാമിലെ തൊഴിലാളികൾ യാതനകളുടെ നടുക്കയത്തിൽ. ‘ഞങ്ങൾക്ക് മണ്ണ് വാരിത്തിന്ന് ജീവിക്കാൻ പറ്റുമോ?’ എട്ടു മാസമായി ജീവിതം വഴിമുട്ടിയ ആറളം ഫാമിലെ തൊഴിലാളികളുടെ ചോദ്യമാണിത്. ‘പട്ടിണികിടന്ന് മടുത്തു. വേതനം ഇന്ന് കിട്ടും, നാളെക്കിട്ടും എന്ന് പറഞ്ഞ് പറ്റിച്ചാണ് ഇത്രയും നാൾ പണിയെടുപ്പിച്ചതെ’ന്ന് തൊഴിലാളികൾ പറയുന്നു. പണിയെടുത്താൽ മണ്ണിൽ പൊന്നുവിളയിക്കാൻ കഴിയുന്ന ആറളം ഫാമിൽ ചോരനീരാക്കി വിയർപ്പൊഴുക്കി ജോലിചെയ്ത ഇവരുടെ കണ്ണുനീരിന് മുന്നിൽ ഭരണകൂടം മുഖംതിരിഞ്ഞ് നിൽക്കുകയാണ്.
380ഓളം വരുന്ന തൊഴിലാളികളിൽ 80 ശതമാനത്തിലധികം ആദിവാസി തൊഴിലാളികളാണ്. മുപ്പതോളം ജീവനക്കാരുമുണ്ട്. പിരിഞ്ഞുപോയ 21 പേർക്ക് രണ്ടു വർഷമായി ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇവരൊക്കെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആറളം ഫാമിൽ ചെലവഴിച്ചിട്ടും ശിഷ്ടകാലം ശമ്പളത്തിനും ആനുകൂല്യത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഉൾപ്പെടെ ഇവർക്ക് സാധനസാമഗ്രികൾ കടം കൊടുക്കാതായി. സ്കൂൾ തുറന്നതോടെ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കുന്നു.
ശമ്പളത്തിനായി ഫാം ഓഫിസിന് മുന്നിൽ 50 ദിവസത്തോളം ഇവർ സമരം നടത്തിയിരുന്നു. ട്രേഡ് യൂനിയൻ നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണുകയും, വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ട് രണ്ടാഴ്ച പിന്നെയും പിന്നിട്ടു. മുഖ്യമന്ത്രിയുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇവർ സമരം അവസാനിപ്പിച്ചത്. ഇതിനിടയിൽ ഉറപ്പുനൽകിയ മുഖ്യമന്ത്രി അമേരിക്കയിലേക്ക് വിമാനം കയറുകയും ചെയ്തു.
റേഷൻ കിട്ടുന്നതുകൊണ്ട് മാത്രമാണ് ഇവർ ജീവിച്ചുപോകുന്നത്. മുപ്പതും നാല്പതും വർഷങ്ങളായി ഇവിടെ തൊഴിൽ ചെയ്യുന്നവരാണ് തങ്ങൾ. മറ്റെന്തെങ്കിലും തൊഴിൽതേടി പോകാമെന്ന് വെച്ചാൽ തങ്ങൾക്ക് പ്രായമായെന്നും ഇനി എവിടെ പോകുമെന്നുമാണ് ഇവർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.