മാരാരിക്കുളം തെക്ക് കൃഷി ഓഫീസിലെ സ്റ്റോക്ക് രജിസ്റ്റർ ശരിയായ മാതൃകയിലല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsകോഴിക്കോട് : മാരാരിക്കുളം തെക്ക് കൃഷി ഓഫീസിലെ സ്റ്റോക്ക് രജിസ്റ്റർ ശരിയായ മാതൃകയിലല്ല തയാറാക്കിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോർട്ട്. കേരളാ ഫിനാൻഷ്യൽ കോഡിലെ വ്യവസ്ഥകൾ പാലിച്ച് ശരിയായ മാതൃകയിലാണ് സ്റ്റോക്ക് രജിസ്റ്റർ പരിപാലിക്കേണ്ടത്. ഇത് മാരാരിക്കുളം കൃഷി ഓഫിസർ പാലിച്ചിട്ടില്ല. ഇത് ക്രമക്കേടിന് വഴി തുറന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ന്യൂനതകൾ പരിഹരിച്ചു രജിസ്റ്റർ കൃത്യമാക്കുന്നതിനാവശ്യമായ നടപടികൾ കൃഷ്‌ഓഫീസർ സ്വീകരിക്കണെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ രജിസ്റ്ററിന്റെ ആധികാരികത ഉറപ്പ് വരുത്തണം. കൃഷി വകുപ്പിനു കീഴിലുള്ള ഓഫീസുകളിൽ സ്റ്റോക്ക് രജിസ്റ്റർ ശരിയായി പരിപാലിക്കുന്നില്ല എന്ന വിവരം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ മറ്റു പരിശോധനകളിൽ ബോധ്യമായി. ഇക്കാര്യത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകണമെന്ന് ഭരണവകുപ്പ് കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകണം.
കാഷ് ബുക്ക് ദൈനംദിനാടിസ്ഥാനത്തിൽ കണക്കുകൾ കൃത്യമാക്കി ക്ലോസ് ചെയ്യണം. മാസായിടസ്ഥാനത്തിൽ ഈ മാസത്തെ ഇടപാടുകളുടെ സംക്ഷിപ്തരൂപം എഴുതി ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം. കാഷ് ബുക്ക് എഴുതി സൂക്ഷിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകൾ പ്രകാരമുള്ള നിബന്ധനകൾ പൂർണമായും പാലിക്കുന്നതിനുള്ള നിർദേശം കൃഷി ഓഫീസർമാർക്ക് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
റിവോൾവിങ്ങ് ഫണ്ടിനത്തിൽ അനുവദിച്ച തുകയുടെ പലിശയൊഴിച്ചുള്ള തുക തനത് വരവു ശീർഷകത്തിൽ അടക്കണം. ഈ അക്കൗണ്ടിൽ പലിശയിനത്തിൽ സ്വരൂപിക്കപ്പെട്ടിട്ടുള്ള തുകയും അടക്കേണ്ടകതാണ്. റിവോൾവിങ്ങ് ഫണ്ടിൻ്റെ വിനിയോഗം സംബന്ധിച്ച് കൃഷി ഓഫീസർമാരിൽ നിന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ പ്രതിമാസ സ്ലേറ്റ്‌മെൻറുകൾ വാങ്ങി അവലോകനം നടത്തേണ്ടതും ആവശ്യമെങ്കിൽ ഫണ്ടിൻറെ വിനിയോഗവും പാലനവും സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ശിപാർശ ചെയ്തു.
മാരാരിക്കുളം തെക്ക് കൃഷി ഓഫീസിലെ ടി.ആർ. അഞ്ച് രസീതു ബുക്കുകളുടെ സ്റ്റോക്ക് രജിസ്റ്റർ ശരിയായ മാതൃകയിലല്ല തയാറാക്കിയിരിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. എം ജിഷാമോൾ കൃഷി ഓഫീസറായിരുന്ന കാലയളവിലെ കാഷ് ബുക്കിലെ വരവ് ചെലവ് തുകകൾ സംബന്ധിച്ചും ടി.ആർ. അഞ്ച് രജിസ്റ്ററുകളുടെ സ്റ്റോക്ക് സംബന്ധിച്ചും വകുപ്പുതല ആഭ്യന്തര പരിശോധന അടിയന്തിരമായി നടത്തുന്നതിന് ബന്ധപ്പെട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.