71ാം വയസ്സിൽ സ്റ്റാർട്ടപ്പുമായി കർഷകനായ അവറാൻ
text_fieldsകുറ്റിപ്പുറം: 71ാം വയസ്സിൽ സ്റ്റാർട്ടപ് ആരംഭിക്കാൻ പോകുകയാണ് കർഷകനായ പാറമേൽ സ്വദേശി മണ്ണാക്കര അവറാൻ. 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ താൻ കണ്ടുപിടിച്ച 'മയിൽപീലി' എന്നറിയപ്പെടുന്ന മൈക്രോ സ്പ്രിൻഗ്ലറിന് പേറ്റൻറ് ലഭിച്ചതോടെയാണിത്. 54ാം വയസ്സിലാണ് അവറാൻ ഈ സംവിധാനം കണ്ടുപിടിച്ചത്. മയിൽപീലി അഴകിലുള്ള സംവിധാനത്തിലൂടെ ജലമൊഴുക്കുന്നതിനാലാണ് മയിൽപീലി എന്ന പേര് നൽകിയത്. ഇതിനകം മൂന്ന് ലക്ഷം മൈക്രോ സ്പ്രിൻഗ്ലറാണ് കൈകൊണ്ട് നിർമിച്ചത്. മണ്ണെണ വിളക്ക്, ചെറിയ ട്യൂബ്, ബ്ലേഡ് എന്നിവ ഉപയോഗിച്ചാണ് കൈകൊണ്ട് ഇവയെല്ലാം നിർമിച്ചത്. നിരവധി കൃഷിയിടങ്ങളിൽ അവറാന്റെ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
കൃഷിയിടത്തിൽ ജലക്ഷാമം നേരിട്ടതോടെയാണ് ഇദ്ദേഹം ഈ സംവിധാനം കണ്ടെത്തിയത്. വിപണിയിൽ പലതരം സ്പ്രിൻഗ്ലർ ഉണ്ടെങ്കിലും കുറച്ചുവെള്ളം കൊണ്ട് കൂടുതല്‍ വിളകള്‍ നനച്ച് ജലദുരുപയോഗം ഇല്ലാതെയാക്കാമെന്നതാണ് അവറാെൻറ മയില്‍പീലി സ്പ്രിൻഗ്ലറുകളറുടെ പ്രത്യേകത. ഇതിൽ ചളിയോ കരടോ അടിയില്ല. ഇതിനു പുറമെ ഒരു മണിക്കൂറില്‍ എട്ടുകിലോ അടയ്ക്ക പൊളിക്കാന്‍ കഴിയുന്ന യന്ത്രവും അവറാൻ നിർമിച്ചിട്ടുണ്ട്. ഇതിനുകൂടി പേറ്റൻറ് ലഭിക്കണം.
അവറാെൻറ കണ്ടുപിടിത്തങ്ങൾക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംസ്ഥാന സർക്കാറും അവറാനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച 'ഫാം ഇന്നൊവേറ്റേഴ്സ് 2010' ല്‍ അവറാന് ഇടം ലഭിച്ചിട്ടുണ്ട്. തവനൂർ കാർഷിക കോളജ് മുൻ ഡീനായിരുന്ന പ്രഫ. സി.പി. മുഹമ്മദാണ് സ്റ്റാർട്ടപ് ആരംഭിക്കാൻ സഹായങ്ങൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.