ഇത് പ്രളയപാഠം; പ്രകൃതിക്ക് മുളക്കോട്ടയൊരുക്കി സുബൈദ
text_fieldsഇരിട്ടി: 2018ലെ പ്രളയം ഓർക്കുമ്പോൾ മലയോരജനതയുടെ മനസ്സ് ഇന്നും പിടയും. വീടും സമ്പാദ്യവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവർ ഏറെ. എന്നാൽ, ജീവിതാനുഭവം കരുത്താക്കി പ്രളയത്തെ തടുക്കാൻ പ്രകൃതിദത്ത പ്രതിരോധമതിൽ ഒരുക്കി മാതൃകയാവുകയാണ് വള്ളിത്തോടെ കുഞ്ഞിക്കണ്ടി സുബൈദ. രണ്ട് പ്രളയം നൽകിയ അതിജീവനത്തിന്റെ പാഠം ഉൾക്കൊണ്ട് പുഴ പുറമ്പോക്കിൽ ഒരു കിലോമീറ്ററോളം വിസ്തൃതിയിലാണ് സുബൈദ മുളത്തോട്ടം ഉണ്ടാക്കിയത്.
പ്രളയം വരുത്തിവെച്ച ദുരിതത്തിൽനിന്ന് വീട്ടുകാരെ സംരക്ഷിക്കാൻ വീട്ടമ്മയായ സുബൈദ നട്ടുണ്ടാക്കിയ പ്രകൃതിദത്തമതിൽ ഇനി നാട്ടുകാർക്ക് ഒന്നടങ്കം തണലാകും. ബാരാപോൾ പുഴയുടെ ഗതിമാറ്റം സ്വന്തം വീടും സമീപ വീടുകളും അപകടത്തിലാക്കുമെന്ന് രണ്ട് പ്രളയ അനുഭവത്തിൽനിന്ന് സുബൈദ മനസ്സിലാക്കി.
വീടിന് മുന്നിലൂടെ ഒഴുകുന്ന പുഴ അതിരുകടന്ന് വീട്ടുമുറ്റത്ത് ഇനിയും എത്താതിരിക്കാൻ മുളച്ചെടികൾകൊണ്ട് പ്രതിരോധം തീർക്കാമെന്ന പാഠമാണ് മുളത്തോട്ടം നിർമാണത്തിലേക്ക് സുബൈദയെ നയിച്ചത്. വർഷം മൂന്ന് കഴിയുമ്പോഴേക്കും മുളത്തൈകൾ മൂന്നാൾ പൊക്കത്തിൽ വളർന്നു. പ്രതിരോധമതിൽ ഉയർന്നപ്പോൾ വെള്ളം പൊങ്ങിയില്ല. ഇനി നാട്ടുകാർക്കും യാത്രക്കാർക്കും ഇരിപ്പിട സൗകര്യമൊരുക്കി ഇവിടം സജ്ജമാക്കാനാണ് സുബൈദയുടെയും കുടുംബത്തിന്റെയും തീരുമാനം.2018ലേയും 19ലേയും പ്രളയത്തിൽ ബാരാപോൾ പുഴ കവിഞ്ഞ് സുബൈദയുടെ വീട്ടുമുറ്റം വരെ വെള്ളം എത്തിയിരുന്നു. അയൽപക്കത്തെ പലരും പ്രളയകാലത്ത് വീടൊഴിഞ്ഞുപോയി.
10 സെന്റ് സ്ഥലത്തെ വീടും കൃഷിയിടവും സംരക്ഷിക്കുന്നതിനായി പുഴ പറമ്പോക്കിൽ മുളത്തൈകൾ നട്ട് പ്രതിരോധം തീർക്കാമെന്ന് സുബൈദ മനസ്സിലാക്കി. ഇക്കാര്യം പരിസ്ഥിതി പ്രവർത്തകനും പായം പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാനുമായ ഭർത്താവ് മുജീബ് കുഞ്ഞിക്കണ്ടിയോട് പറഞ്ഞു. മുജീബാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 100ഓളം തൈകൾ എത്തിച്ചുനൽകിയത്. ആദ്യം നട്ട തൈകളിൽ ഭൂരിഭാഗവും വേനലിൽ കരിഞ്ഞുണങ്ങിയെങ്കിലും സുബൈദ പിന്മാറാൻ തയാറായില്ല. രണ്ടാമതും നട്ട തൈകൾ വെള്ളം നനച്ച് സംരക്ഷിച്ചു. പരിചരണം ലഭിച്ചതോടെ മുളകൾ പടർന്ന് പന്തലിച്ചു. മൂന്ന് വർഷം കഴിഞ്ഞപ്പോൾ പുഴ പറമ്പോക്കിലെ മുളത്തോട്ടം സംരക്ഷണവേലി മാത്രമല്ല, പ്രദേശത്ത് പ്രകൃതിദത്ത പച്ചത്തുരുത്തായി മാറി.
പക്ഷികൾ കൂട് കൂട്ടാനും ചേക്കേറാനുമുള്ള ഇടമായി ഇതിനെ കണ്ടു. സമീപവാസികളും പിന്തുണയുമായി എത്തിയതോടെ മുളത്തോട്ടം സായാഹ്ന വിശ്രമകേന്ദ്രമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് സുബൈദ. മുളച്ചെടികളിൽ പടർന്നുകയറുന്ന കളകൾ പറിച്ചുകളയാൻ മക്കളായ റിയ, റിക്ഷാൻ, റിജർ എന്നിവരും സുബൈദക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.