ജില്ലയിൽ മുളകൃഷിയോട് പ്രിയം കൂടുന്നു
text_fieldsപുൽപള്ളി: ലാഭം തിരിച്ചറിഞ്ഞ് മുളകൃഷി ചെയ്യുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി എന്ന രീതിയിലും നല്ല വരുമാനം ലഭിക്കുമെന്നതിനാലും കർഷകർ മുള കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. തോടുകളോട് ചേർന്ന സ്ഥലങ്ങളാണ് മികച്ച രീതിയിൽ മുള നട്ടുപിടിപ്പിക്കാൻ അനുയോജ്യം.
പുൽപള്ളി പട്ടാണിക്കൂപ്പിലെ തട്ടാംപറമ്പിൽ ജോർജ് തെൻറ കൃഷിയിടത്തിൽ നിറയെ മുള നട്ടുപിടിപ്പിച്ചിരിക്കുകയാണ്. കൃഷിയിടം ഇടിഞ്ഞുപോകാതിരിക്കാനാണ് കടമാൻ തോടിനോട് ചേർന്ന കൃഷിയിടത്തിൽ മുള നട്ടുപിടിപ്പിച്ചത്. വർഷങ്ങൾ കഴിഞ്ഞതോടെ ഇത് ആദായകരവുമായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഒട്ടേറെ ആളുകൾ മുള തിരക്കി ഇവിടെ എത്തുന്നുണ്ട്. വാർപ്പു കാലുകൾ, ഷെഡ് നിർമാണം, കരകൗശല വസ്തു നിർമാണം തുടങ്ങിയവക്കെല്ലാം ഇവിടെനിന്ന് മുള കൊണ്ടുപോകുന്നു. മഞ്ഞ നിറത്തിലുള്ള മുളയാണ് കൂടുതലായും ഇവിടെ വളർത്തുന്നത്. കൃഷിയിടത്തോട് ചേർന്ന് മുളങ്കൂട്ടങ്ങൾ ഉള്ളതിനാൽ സദാസമയവും തോട്ടത്തിൽ കുളിർമ നിലനിൽക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും വെള്ളപ്പൊക്കത്തിൽനിന്ന് തോട്ടത്തെ രക്ഷിച്ചതും ഈ മുളങ്കൂട്ടങ്ങൾ തന്നെയാണ്.
അധികം പരിചരണം ഇതിനുവേണ്ട. ഏത് കാലാവസ്ഥയിലും വളരുകയും ചെയ്യും. നട്ട് അഞ്ചോ ആറോ വർഷം കഴിയുന്നതോടെ വരുമാനവും ലഭിക്കും. ഒരിക്കൽ വിളവെടുപ്പ് കഴിഞ്ഞാൽ പിന്നീട് എല്ലാ വർഷവും വിളവെടുക്കാൻ സാധിക്കും. മുളയിൽനിന്ന് നിരവധി മൂല്യവർധിത ഉൽപന്നങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നുണ്ട്. ഇതോടെയാണ് മുളകൃഷി പലയിടത്തും വ്യാപകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.