ഏത്തക്കുല കാട്ടുതത്തകൾ കൊണ്ടുപോകുന്നു
text_fieldsഅടിമാലി: കാട്ടുതത്തകൾ ഏത്തക്കുലകൾ കൊത്തിനശിപ്പിക്കുന്നതായി പരാതി. കലുങ്കുസിറ്റി പാറമട വിരപ്പിൽ ലാലി ഗോപിയുടെ ഏത്തവാഴ തോട്ടത്തിലാണ് കൂട്ടത്തോടെ എത്തുന്ന തത്തകൾ നാശം വിതക്കുന്നത്. വിളവെടുക്കാൻ പാകമായ ഏത്തക്കുലകളാണ് കൊത്തി അരിഞ്ഞുകളയുന്നതെന്ന് ലാലി പറഞ്ഞു. ഇത്തവണ ഏത്തവാഴക്ക് ഉയർന്ന വില ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം കിട്ടാത്ത വിഷമത്തിലാണ് കർഷകർ.
കാലംതെറ്റി പെയ്ത മഴയിൽ കുറെ വാഴകൾ വെള്ളം കയറി നശിച്ചിരുന്നു. തുടർന്ന് കൂട്ടത്തോടെ പറന്നെത്തിയ തത്തകളും തന്റെ തോട്ടത്തിലെ പിഞ്ചു വാഴക്കുലകൾപോലും വെട്ടി നശിപ്പിക്കുന്നത് വലിയ തിരിച്ചടിയായതായി ലാലി പറഞ്ഞു. പാട്ടത്തിന് കൃഷി ചെയ്യാൻ എടുത്ത ഭൂമിയിൽ 400ൽപരം വാഴകളാണ് ഈ വീട്ടമ്മ പരിപാലിച്ചു വളർത്തിയത്. എന്നാൽ, വാഴ കുലച്ചതോടെ തത്തകൾ കൂട്ടത്തോടെ എത്തി കുലകൾ തിന്നും വെട്ടിയും നശിപ്പിക്കാൻ തുടങ്ങി. ഇവയെ തുരത്താൻ പടക്കം പൊട്ടിക്കുകയും പാട്ടകൊട്ടി ശബ്ദം ഉണ്ടാക്കി നോക്കിയെങ്കിലും ഫലമുണ്ടായില്ല. കുടുംബശ്രീ സംഘത്തിൽനിന്ന് താനും ഭർത്താവ് ഗോപിയും കടമെടുത്ത് ഒരാണ്ട് അധ്വാനിച്ച് ഇറക്കിയ ഏത്തവാഴ കൃഷിയാണ് തത്തകൾ നശിപ്പിക്കുന്നതെന്ന് പരിതപിക്കുകയാണ് ഈ വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.