നടുവൊടിഞ്ഞ് വാഴക്കർഷകർ
text_fieldsകൽപറ്റ: കനത്ത വെയിൽ, മഴ, കാറ്റ്... രക്ഷയില്ലാതെ വാഴക്കർഷകർ. വാഴവറ്റ പാക്കം പ്രദേശങ്ങളിൽ പെയ്ത മഴയോടൊപ്പമെത്തിയ കാറ്റിൽ മുട്ടിൽ പഞ്ചായത്തിലെ 11, 12 വാർഡുകളിലായി നിലംപൊത്തിയത് പതിനായിത്തോളം വാഴകൾ. കഴിഞ്ഞ ദിവസങ്ങളിൽ കത്തുന്ന വെയിലിൽ പകുതിയോളം വാഴകൾ ഒടിഞ്ഞ് നിലംപതിച്ച കർഷകരുടെ ബാക്കി വാഴകൾ കാറ്റിലും നശിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് കർഷകർ.
വിലത്തകർച്ചയും വിള കുറവും വന്യമൃഗശല്യവുമെല്ലാം കാരണം ദുരിതത്തിലാവുന്ന കർഷകരുടെ മേൽ ഇടിത്തീയായാണ് കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന നാശം. പ്രദേശത്ത് 20ഓളം കർഷകരുടെ 25000ത്തോളം വാഴകളാണ് കനത്ത ചൂടിലും കാറ്റിലുമായി നശിച്ചുപോയത്.
കെട്ടുതാലിവരെ പണയപ്പെടുത്തിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും സ്വരൂപിച്ച സമ്പാദ്യമാണ് കൃഷിക്ക് നിക്ഷേപിച്ചത്. വൻ ബാധ്യതവരുത്തി നടത്തിയ വാഴക്കൃഷി ഏതാണ്ട് തൊണ്ണൂറ് ശതമാനവും നശിച്ചതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് കർഷകർ.
കത്തുന്ന വെയിലിൽ വാഴകൾ ഓരോന്നായി ഒടിഞ്ഞ് വീണതിനെത്തുടർന്ന് ഏറെ ദിവസം പരാതി പറഞ്ഞതിന് ശേഷമാണ് കൃഷി വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്താൻ പോലും തയാറായതെന്ന് കർഷകർ പറയുന്നു. കയറുകെട്ടി സംരക്ഷിച്ച, കുലക്കാനായതും കുലക്കാത്തതും കുലച്ചതും മൂപ്പെത്താത്തതുമായ വാഴകളിലേറെയും ഇതോടകം നിലംപതിച്ചു. അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വാഴവറ്റ സ്വദേശികളായ വീട്ടിപ്പുര വേലായുധൻ, റോയൻ വട്ടംതൊട്ടിയിൽ, ഷിനോജ് പാക്കം, സുധീഷ് ഉള്ളാട്ടിൽ, സജീവ് പ്രണവം, രാജീവ് പാക്കം, ഷിജു മാണിശ്ശേരി, ജയരാജൻ പത്തായപ്പുര, റോയി മടംപറമ്പിൽ, അഗസ്റ്റിൻ അഴകനാൽ തുടങ്ങി നിരവധി കർഷകരുടെ സ്വപ്നങ്ങളാണ് കലാവസ്ഥ പ്രതികൂലമായപ്പോൾ തകർന്നടിഞ്ഞത്.
പണയം വെച്ചത് തിരിച്ചെടുക്കണം. മക്കളുടെ ഫീസടക്കണം. കടങ്ങളെല്ലാം വീട്ടണം.... തുടങ്ങിയ ഒരു പാട് പ്രതീക്ഷകളുമായി ആറ്റുനോറ്റ് പരിപാലിച്ച കാർഷിക വിളകൾ പൂർണമായും നശിച്ചതോടെ പാരമ്പര്യമായി കൃഷിചെയ്യുന്ന കർഷകർ വീടിന് പുറത്തിറങ്ങാൻ തന്നെ മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.