നേന്ത്രവാഴ കർഷകർക്ക് പൊള്ളുന്നു
text_fieldsകല്പറ്റ: വിലത്തകർച്ചക്ക് പുറമെ വരൾച്ചയും വേനൽ മഴയോടൊപ്പമെത്തുന്ന കാറ്റും നേന്ത്രവാഴ കർഷകരെ കണ്ണീരിലാക്കുന്നു. ഇതിന് പുറമെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വാഴ ഉൾപ്പെടെ നശിപ്പിക്കുന്നതും ജില്ലയിലെ നിത്യ കാഴ്ചയാണ്. വിദഗ്ധ സമിതി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ വരള്‍ച്ചയില്‍ കൂടുതല്‍ നാശം വാഴക്കൃഷിക്കാന്ന് കണ്ടെത്തിയിരുന്നു.
ഹെക്ടർ കണക്കിന് കര വാഴക്കൃഷി കത്തുന്ന വേനലിൽ കരിഞ്ഞുണങ്ങി ഒടിഞ്ഞുതൂങ്ങി. കുലച്ച മൂപ്പെത്താത്ത ആയിരക്കണക്കിന് വാഴകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ നശിച്ചത്. ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും വായ്പയെടുത്താണ് പലരും കൃഷി ഇറക്കുന്നത്. വാഴ നശിച്ചതോടെ വായ്പ തിരിച്ചടക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ.
ഉൽപാദന ചെലവിന് ആനുപാതികമായി വില പോലും ലഭിക്കാതിരിക്കുമ്പോഴാണ് കർഷകർക്ക് ഇരട്ടി പ്രഹരമായി കനത്ത വേനലും. കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും ആഞ്ഞു വീശിയ കാറ്റിലും പാകമാകാത്ത നിരവധി വാഴകൾ നശിച്ചിരുന്നു. ഫസ്റ്റ് ക്വാളിറ്റി നേന്ത്രക്കുലക്ക് കിലോഗ്രാമിനു 22 രൂപയാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. എന്നാൽ, കിലോഗ്രാമിനു 35 രൂപയെങ്കിലും വില ലഭിച്ചാലേ നേന്ത്ര വാഴകൃഷി ലാഭകരമാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ശരാശരി 10 കിലോഗ്രാമാണ് ഒരു നേന്ത്രക്കുലയുടെ തൂക്കം. ഒരു നേന്ത്ര വാഴക്ക് പാട്ടവും വിത്തും മുതൽ വിളവെടുപ്പുകാലം വരെ പരിപാലിക്കുന്നതിനു ഏകദേശം 250 രൂപ വരെയാണ് ചെലവ്. ഇപ്പോഴത്തെ വില അനുസരിച്ച് കർഷകന് ഈ തുക ലഭിക്കില്ല. ഡിമാൻഡ് വര്‍ധിക്കാത്തതാണ് നേന്ത്രക്കുലക്ക് ന്യായവില ലഭിക്കാത്തതിനു മുഖ്യകാരണമായി കച്ചവടക്കാർ പറയുന്നത്ത്. ഏകദേശം 12,000 ഹെക്ടറിലാണ് ജില്ലയില്‍ വാഴ കൃഷിയുള്ളത്.
കമുകുകളും നശിച്ചു
കൽപറ്റ: വരൾച്ച കമുകുകളെയും കാര്യമായി ബാധിച്ചു. അടുത്ത വർഷം വിളവെടുപ്പ് നടത്താനാകുമോ എന്ന ആശങ്കയിലാണ് കർഷകർ. കനത്ത ചൂടിൽ അടുത്ത സീസണിലേക്കുള്ള കമുകു കുലകളെല്ലാം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. കായ്ച അടക്കകൾ കൊഴിഞ്ഞു വീഴുകയാണ്. ജില്ലയിൽ നിരവധി കർഷകർ കമുക് കൃഷിയെ ആശ്രയിച്ചു കഴിയുന്നുണ്ട്.
കന്നുകാലികൾക്കും രക്ഷയില്ല
കൽപറ്റ: കനത്ത ചൂടിൽ ജില്ലയിൽ കന്നുകാലികൾ ചാകുന്ന സംഭവങ്ങളും ഉണ്ടാകുന്നു. എടവക, കണിയാമ്പറ്റ, പനമരം, മുള്ളൻകൊല്ലി, നെന്മേനി, വെങ്ങപ്പള്ളി, പഞ്ചായത്തുകളിലായി അര ഡസൻ കന്നുകാലികൾ കടുത്ത ചൂടുമായി ബന്ധപ്പെട്ട് ചത്തതായാണ് കണക്കുകൾ. ഇതിൽ നാലും ഈ മാസത്തിലാണ്. കനത്ത ചൂടിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് കന്നുകാലികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്.
കനത്ത കറവപ്പശുക്കളിൽ അകിടുവീക്കം വരാനുള്ള സാധ്യത വർധിപ്പിക്കും. കടുത്ത വേനലിൽ തീറ്റപ്പുല്ല് കിട്ടാനില്ലാത്തത് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പച്ച പുല്ലുകളാവട്ടെ മിക്കയിടത്തും കരിഞ്ഞുണങ്ങി.
കന്നുകാലികൾക്ക് ആവശ്യമായ കുടിവെള്ളം പോലും പലയിടങ്ങളിലും കിട്ടാതെയായി. ആവശ്യത്തിനു വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പാൽ ഉൽപാദനം കുറയുമെന്ന ആശങ്കയുമുണ്ട്. രണ്ടാഴ്ചയായി പാലളവ് കുറഞ്ഞിട്ടുണ്ടെന്നെന്നാണ് ക്ഷീര കർഷകർ പറയുന്നത്.
നഷ്ടപരിഹാരത്തിന് നടപടി വൈകുന്നു
കൽപറ്റ: വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിനു കർഷകർക്കു നഷ്ടപരിഹാരം നൽകാനുള്ള നടപടി തുടങ്ങിയില്ല. വയനാടിനെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിക്കുമെന്നും വേഗത്തിൽ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉൾപ്പടെയുള്ളവർ ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായില്ല.
വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തതിനാൽ നഷ്ടപരിഹാരത്തിന് അപേക്ഷ സ്വീകരിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, കൃഷിനാശം പരിശോധിച്ച് നഷ്ടം വിലയിരുത്താനുള്ള സംഘം അടുത്ത ദിവസം ജില്ലയിലെത്തുമെന്നാണ് കരുതുന്നത്.
കൃഷി ഉദ്യോഗസ്ഥരും വിദഗ്ധരും സംഘത്തിലുണ്ടാകും. വരൾച്ച രൂക്ഷമായ സമയത്ത് കൃഷി വകുപ്പ് വിവരങ്ങൾ ശേഖരിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കൂടാതെ ജില്ലയെ വരൾച്ച മേഖലയായി പ്രഖ്യാപിക്കണമെന്നും ശിപാർശ ചെയ്തിരുന്നു. കൃഷി വകുപ്പ് ശേഖരിച്ച റിപ്പോർട്ടുകൾ സംഘം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.