നേന്ത്രക്കായക്ക് വില കൂടിയിട്ടും നിരാശയിൽ മലയോര കർഷകർ
text_fieldsകല്ലടിക്കോട്: പൊതുവിപണിയിൽ നേന്ത്രക്കായക്ക് വില കൂടിയിട്ടും വിലയുംനിലയുമില്ലാതെ പെരുവഴിയിലായ അവസ്ഥയിൽ മലയോര കർഷകർ. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കർഷകരുടെ നടുവൊടിച്ചതായാണ് അനുഭവം.
ജില്ലയിൽ നല്ലൊരു പങ്ക് വാഴ കർഷകരും മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി, കരിമ്പ ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരാണ്. കാറ്റിലും മഴയിലും വൻതോതിൽ വാഴകൃഷി നശിച്ചവർ ഏറെയാണ്. ഇതോടൊപ്പം കാലഭേദങ്ങളില്ലാതെ ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ വരവും വിളനശീകരണവും കൂടിയായപ്പോൾ നേന്ത്രക്കായയുടെ ഉൽപാദനം കുത്തനെ കുറഞ്ഞു. വില കൂടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഓണം സീസണിൽ ഏത്തക്കായക്ക് കിട്ടാറുള്ള മുന്തിയ വില നിലവിൽ പൊതുവിപണയിലുണ്ട്. കിലോഗ്രാമിന് 50 രൂപ മുതൽ 65 രൂപ വരെ വിലയാണ് ചില്ലറ വിൽപനക്കാർ നേന്ത്രപ്പഴത്തിന് ഈടാക്കുന്നത്.
പച്ചക്കായക്ക് 40 രൂപ മുതൽ 50 രൂപ വരെയുമുണ്ട്. കാറ്റിലും മഴയിലും വാഴ കൃഷി നശിച്ചവർ ഏറെയാണ്. ഇത് കാരണം നേന്ത്രക്കായ വരവ് കുറഞ്ഞതായി മൊത്തക്കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിൽനിന്നും വിദൂര ജില്ലകളിൽനിന്നുമാണ് ഏത്തക്കായ വൻതോതിൽ വിൽപ്പനക്കെത്തുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് ചിപ്സ് ഉൾപ്പെടെ ബേക്കറി ഉൽപന്നങ്ങൾക്കും പച്ചക്കായ വൻതോതിൽ ആവശ്യമുണ്ട്. ഇതും ഡിമാന്റ് കൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.