വാഴകൃഷി നശിക്കുന്നു; കർഷകർ ദുരിതത്തിൽ
text_fieldsപേരാമ്പ്ര: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ചെറുവണ്ണൂർ കക്കറമുക്കിലെ നിരവധി കർഷകരുടെ വാഴകൃഷി നശിക്കുന്നു. മൂപ്പെത്തി വിളവെടുക്കാറായ വാഴകളാണ് വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നത്. നിലവിൽ വെള്ളമിറങ്ങിയെങ്കിലും ഒരാഴ്ചയോളം വെള്ളം നിന്നതിനെ തുടർന്ന് വേര് ചീഞ്ഞ് വാഴകളെല്ലാം പഴുത്ത് കരിഞ്ഞുണങ്ങുകയാണ്.
കരിമ്പാക്കണ്ടി ഇബ്രാഹിം, മാലേരി അമ്മത്, മാലേരി കുഞ്ഞമ്മദ്, കുഴിച്ചാലിൽ ഇബ്രായി, കുഞ്ഞോത്ത് കുഞ്ഞമ്മത്, മലയിൽ മൊയ്തു, കുരുവമ്പത്ത് ബാലൻ, സമീർ തുടങ്ങിയവരുടെ പതിനായിരത്തോളം വാഴകളാണ് പഴുത്ത് നശിക്കുന്നത്. പലരിൽനിന്നായി പണം കടം വാങ്ങിയും ലോണെടുത്തുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്. ഒരു വാഴക്ക് നിലവിൽ 200 രൂപയോളം കൂലി-ചെലവ് വരുന്നതായി കർഷകർ പറയുന്നു.
കൃഷിച്ചെലവിന്റെ 75 ശതമാനത്തോളം കൂലിയിനത്തിലാണ് നൽകുന്നത്. കഴിഞ്ഞ വർഷവും വെള്ളത്തിൽ മുങ്ങി ആയിരക്കണക്കിന് വാഴകൾ നശിച്ചിരുന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് വാഴകൾ ഇൻഷുർ ചെയ്തിട്ടും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലത്രെ.
വാഴകൃഷി നശിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.