പി.ആർ.എസിന്റെ പേരിൽ വായ്പ നിഷേധിച്ചില്ലെന്ന് ബാങ്കുകൾ; പിന്നോട്ടില്ലെന്ന് സർക്കാർ
text_fieldsസർക്കാർ ഗാരന്റിയിൽ നൽകുന്ന പി.ആർ.എസ് വായ്പ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ബാങ്ക് കൺസോർട്യം
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന പി.ആർ.എസ് (പാഡി റസീപ്റ്റ് ഷീറ്റ്) വായ്പക്കെതിരെ കർഷകരും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് ബാങ്ക് കൺസോർട്യവുമായും കേരള ബാങ്കുമായും ചർച്ച നടത്തി സർക്കാർ. സർക്കാർ ഗാരന്റിയിൽ നൽകുന്ന പി.ആർ.എസ് വായ്പയെ തുടർന്ന് നെൽകർഷകർക്ക് ബാങ്കുകൾ മറ്റ് വായ്പകൾ അനുവദിക്കുന്നില്ലെന്നും വായ്പ കുടിശ്ശികയാകുമ്പോൾ സിബിൽ സ്കോറിനെ ബാധിക്കുന്നെന്നും ജ്പതി ഭീഷണി നേരിടുന്നെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ, കനറ, ഫെഡറൽ ബാങ്കുകളുമായും കേരള ബാങ്കുമായും ഭക്ഷ്യവകുപ്പ് ചർച്ച നടത്തിയത്.
പി.ആർ.എസ് വായ്പ അടക്കാത്തതുകൊണ്ട് സംസ്ഥാനത്ത് ഒരു കർഷകനും വായ്പ നിഷേധിച്ചിട്ടില്ലെന്നും പി.ആർ.എസ് വായ്പ കുടിശ്ശികയുള്ളതുകൊണ്ട് മറ്റ് ലോണുകൾ എടുക്കുന്നതിൽ തടസ്സമില്ലെന്നും ബാങ്കുകൾ അറിയിച്ചു. പി.ആർ.എസ് കുടിശ്ശിക വന്നാൽ അത് സിബിൽ സ്കോറിനെ ബാധിക്കില്ല. പി.ആർ.എസ് വായ്പ കൂടാതെ മുമ്പെടുത്ത വ്യക്തിഗത വായ്പകൾ കൃത്യമായി അടക്കാത്തവർക്കും വായ്പകൾ ഒറ്റത്തവണ തീര്പ്പാക്കിയവർക്കും ലോൺ നിഷേധിച്ചിട്ടുണ്ടെന്നും കൺസോർട്യം പ്രതിനിധികൾ സർക്കാറിനെ അറിയിച്ചു.
ലോൺ കൃത്യമായി തിരിച്ചടക്കാത്തത് സിബിൽ സ്കോറിനെ ബാധിച്ചിട്ടുണ്ട്. പി.ആർ.എസ് വായ്പയുടെ പേരിൽ ജപ്തി നോട്ടീസ് അയച്ചിട്ടില്ല. വായ്പയായി നൽകിയ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കർഷകർക്ക് ഒരു സന്ദേശവും അയച്ചില്ലെന്നും അധികൃതർ ഭക്ഷ്യവകുപ്പിനെ അറിയിച്ചു. കർഷകരാണ് വായ്പ എടുക്കുന്നതെങ്കിലും തുകയും പലിശയും പിഴപ്പലിശ ഉണ്ടായാൽ അതും പൂർണമായും അടച്ചുതീർക്കേണ്ട ബാധ്യത സപ്ലൈകോക്കും സംസ്ഥാന സർക്കാറിനുമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇക്കാര്യത്തിൽ ബാങ്കുകൾ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും മന്ത്രി ബാങ്കുകൾക്ക് നിർദേശം നൽകി.
ഈ സീസണിലും നെല്ല് സംഭരണവില കർഷകർക്ക് പി.ആർ.എസ് വായ്പയായി നൽകാനാണ് സർക്കാർ തീരുമാനം. ആകെ 17680.81 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ആലപ്പുഴയിൽ 8808.735 മെട്രിക് ടണ്ണും കോട്ടയത്ത് 1466.5 ലക്ഷം മെട്രിക് ടണ്ണും പാലക്കാട് 6539.4 മെട്രിക് ടണ്ണും നെല്ലാണ് സംഭരിച്ചത്. സംഭരണവില പി.ആർ.എസ് വായ്പയായി എസ്.ബി.ഐ, കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി തിങ്കളാഴ്ച വിതരണം ചെയ്തുതുടങ്ങി.
പി.ആർ.എസ് നിർത്തലാക്കണം -വി.ഡി. സതീശൻ
തിരുവനന്തപുരം: പി.ആർ.എസ് വായ്പ നിർത്തലാക്കി നെൽകർഷകർക്ക് സർക്കാർ പണം നേരിട്ട് നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പി.ആർ.എസ് സംവിധാനത്തെ കർഷകർ ഭയത്തോടെയാണ് കാണുന്നത്. പി.ആർ.എസ് നൽകുന്നത് കർഷകർക്ക് ലോണുള്ള ബാങ്കുകളിലാണെങ്കിൽ കുടിശ്ശിക ഈടാക്കിയ ശേഷമുള്ള തുക മാത്രമേ നൽകൂവെന്ന ആശങ്കയുമുണ്ട്.
ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർക്ക് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചുതുടങ്ങി. സർക്കാറിന്റെ കുറ്റത്തിന് സിബിൽ സ്കോർ ഉൾപ്പെടെ പ്രശ്നങ്ങളിൽ കർഷകരാണ് പ്രതിക്കൂട്ടിലായത്. ഇതാണ് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത പ്രസാദിനും സംഭവിച്ചതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.