മധുരം പെയ്യുന്ന അട്ടപ്പള്ളത്തെ തേനീച്ച കോളനി
text_fieldsകുമളി: അതിമധുരം സമ്മാനിച്ച് ഫിലിപ്പിന്റെ തേനീച്ച കോളനിയെ തേടി സംസ്ഥാന സർക്കാറിന്റെ പുരസ്കാരം. കുമളി അട്ടപ്പള്ളത്തെ വട്ടംതൊട്ടിയിൽ ഫിലിപ്പ് മാത്യുവിനെ തേടിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച തേനീച്ച കർഷകനുള്ള അവാർഡ് എത്തിയത്. കുമളിയിൽ 10 തേനീച്ചപ്പെട്ടികളുമായി തുടങ്ങിയ ഫിലിപ്പിന്റെ തേനീച്ച കോളനി ഇപ്പോൾ 7000ലധികം പെട്ടികളിലേക്ക് വളർന്നു.
മൂന്ന് പതിറ്റാണ്ട് മുമ്പ് കോട്ടയം അയർക്കുന്നം മറ്റക്കരയിൽനിന്ന് കുമളിയിലെത്തിയതാണ് ഫിലിപ്പും കുടുംബവും. കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് ഫിലിപ്പും കുടുംബവും തേൻ ശേഖരിച്ച് വിപണിയിലെത്തിക്കുന്നു. വീടിന്റെ പരിസരത്ത് മാത്രം 500ഓളം പെട്ടികളാണ് സ്ഥാപിച്ചിട്ടുള്ളത്. ആന ഉൾപ്പെടെ വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ തേനീച്ചകൾ ഫലപ്രദമാണെന്ന് കണ്ടതോടെ കണ്ണൂർ ആറളം ഫാമിൽ 2000 പെട്ടികൾ സ്ഥാപിച്ചതായി ഫിലിപ്പ് പറയുന്നു.
സീസണിൽ ഒരു പെട്ടിയിൽനിന്ന് 20 കിലോ വരെ തേൻ ലഭിക്കും. വർഷത്തിൽ 60 ടണ്ണോളം തേനാണ് ‘നാച്വറൽ ഹണി ബീ’ എന്ന സ്ഥാപനത്തിലൂടെ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നത്. ഫിലിപ്പിനെ ജോലിയിൽ സഹായിക്കാൻ ഭാര്യ ജയയും മകൻ ടോം, മരുമകൾ മരിയ എന്നിവരും സജീവമായുണ്ട്. തേക്കടി കാണാനെത്തുന്ന വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾ അട്ടപ്പള്ളത്തെ ഫിലിപ്പിന്റെ ഫാമിലെത്തി തേനീച്ച വിശേഷങ്ങൾ കണ്ടറിഞ്ഞും തേൻ മധുരം തൊട്ടറിഞ്ഞുമാണ് കുമളിയിൽനിന്നും മടങ്ങുന്നത്. ദേശീയ അവാർഡിന് പുറമെ മുമ്പ് 14 തവണ ഫിലിപ്പിനെ തേടി സംസ്ഥാന അവാർഡും എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.