ആവശ്യക്കാരില്ലാതെ, വൈകിയെത്തിയ വസന്തം
text_fieldsചാലക്കുടി: ഓണക്കാലത്ത് ഇതര സംസ്ഥാന പൂക്കൾക്ക് ബദലായി നാട്ടിൽ കൃഷി ചെയ്ത ചെണ്ടുമല്ലി തോട്ടങ്ങൾ മഴ പെയ്തതോടെ പ്രതിസന്ധിയിലായി. ഓണക്കാലം കഴിഞ്ഞതോടെ മാർക്കറ്റിങ് നടക്കാത്തതിനാൽ വിവിധ പ്രദേശങ്ങളിൽ പൂക്കൾ പാഴാവുകയാണ്.
പലയിടത്തും മുൻപരിചയം കുറഞ്ഞതിനാൽ വിളവെടുപ്പ് കണക്കുകൂട്ടലിൽ ചെറിയ പിഴവ് സംഭവിച്ചു. അതിനാൽ, ഓണം കഴിഞ്ഞതോടെയാണ് പല തോട്ടങ്ങളിലും ചെണ്ടുമല്ലി വിരിയാൻ ആരംഭിച്ചത്. ഓണം കഴിഞ്ഞതോടെ വിലയിലും ഇടിവ് സംഭവിച്ചു. കിലോക്ക് 90ഉം 100ഉം വരെ ഉയർന്ന പൂ വില ഇപ്പോൾ 50ഓളം രൂപയായി താഴ്ന്നു. മഴ പെയ്തതിനാൽ ഈർപ്പം തങ്ങി പൂക്കൾ പെട്ടെന്ന് ചീയുന്നതിനാൽ ഡിമാൻഡും കുറഞ്ഞു. ഓണത്തിന് തൊട്ടുപിന്നാലെയാണ് മഴ തുടർച്ചയായി പെയ്തത്.
വിപണിയിലെ ഇതര സംസ്ഥാനത്തുനിന്നെത്തുന്ന പൂക്കളുടെ ആധിപത്യത്തിന് വലിയതോതിൽ തടയിടാനും വില നിയന്ത്രിക്കാനും നാട്ടിലെ ചെണ്ടുമല്ലി കൃഷിക്ക് കഴിഞ്ഞുവെന്നത് നേട്ടമാണ്. സ്വകാര്യ വ്യക്തികളും സംഘടനകളും തൊഴിലുറപ്പ് തൊഴിലാളികളും ഇത്തവണ ചെണ്ടുമല്ലി കൃഷിക്കായി കൂടുതലായി രംഗത്തിറങ്ങുകയായിരുന്നു. ഓണക്കാലത്തെ വിപുലമായ വിപണി തിരിച്ചറിഞ്ഞ് തരിശുഭൂമികൾ വെട്ടിത്തെളിച്ചും വയലുകളിലും ധാരാളമായി ചെണ്ടുമല്ലി വിളയിച്ചു. മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഹൈബ്രീഡ് തൈകളാണ് കൃഷിയിറക്കിയത്. 70 ദിവസം മുമ്പ് ആസൂത്രണം ചെയ്ത് കൃഷി ആരംഭിച്ചവർക്ക് അത്തം മുതൽ പൂക്കൾ ലഭിച്ചു.
പലരും തോട്ടങ്ങളിൽത്തന്നെ ആവശ്യക്കാർക്ക് വിൽപന നടത്തി. ഇതുമൂലം കുറഞ്ഞ വിലയിൽ പൂക്കൾ ലഭിച്ചു. എന്നാൽ, ഒരു സീസൺ മാത്രമായി ലക്ഷ്യമിട്ട കൃഷിയാണ് പലരും നടത്തിയത്. ആയിരക്കണക്കിന് ടൺ പൂക്കൾ സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിക്കാനായത് വലിയ നേട്ടമാണ്. പലയിടത്തായി കൃഷി ആദായകരമായ ചിലർ ഇത് എല്ലാ കാലത്തും നടത്തിക്കൊണ്ടുപോകാനുള്ള ആലോചനയിലാണ്. അതേസമയം, വൈകിയുണ്ടായ പൂക്കൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നവരും ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.