പാട്ടത്തിനെടുത്ത പാടത്ത് ജൈവ നെൽകൃഷിയുമായി ഗുരുവായൂരപ്പൻ
text_fieldsപുതുനഗരം: നാടൻ നെല്ലിനത്തെ പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ പരീക്ഷണവുമായി പരിസ്ഥിതി പ്രവർത്തകൻ. തത്തമംഗലം പരുത്തിക്കാവിൽ എസ്. ഗുരുവായൂരപ്പനാണ് ഒന്നര ഏക്കർ പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ചമ്പാൻ നെല്ല് കൃഷിയിറക്കിയത്. പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്യുന്ന ഗുരുവായൂരപ്പൻ രണ്ടാം വിളയായാണ് ചമ്പാൻ ഇനത്തിലുള്ള മട്ട നെല്ല് വിളയിക്കുന്നത്. 100- 110 ദിവസത്തിനകം വിളവെടുപ്പിന് തയാറാകുന്ന വിത്തിനെ പരമ്പരാഗത കർഷകനായ വേർകോലി സന്തോഷിൽ നിന്നാണ് വാങ്ങിയത്.
പഞ്ചഗവ്യം, ജീവാമൃതം, പഴം, പച്ചക്കറിയിൽ നിന്ന് ഖനജീവാമൃതം എന്നിവ മാത്രമാണ് കൃഷിയിൽ ഉപയോഗിച്ചു വരുന്നതെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി സൗത്ത് ഇന്ത്യ കോഓഡിനേറ്ററായ ഗുരുവായൂരപ്പൻ പറഞ്ഞു. ജൈവകൃഷി മറ്റു കൃഷിയെപോലെ നല്ല വിളവ് ലഭിക്കില്ലെങ്കിലും വിഷമില്ലാത്ത ഭക്ഷണം സ്വന്തമായി ഭക്ഷിക്കാമെന്ന തീരുമാനത്തിൽ നിന്നാണ് ഗുരുവായൂരപ്പൻ ജൈവ കൃഷിയിലേക്ക് നീങ്ങിയത്.
നവംബർ 16ന് പായ്നാറ്റടിയായി വിതച്ച് നട്ട ചമ്പാൻ നെൽച്ചെടികൾക്ക് ഇപ്പോൾ 70 ദിവസം പ്രായമായി. കീടബാധ വലുതായി ഉണ്ടായിട്ടില്ലെങ്കിലും കളകൾ കൂടുതൽ ഉണ്ടാവാറുണ്ട്. വിളവെടുപ്പിലൂടെ ലഭിക്കുന്ന അരി സ്വന്തം ആവശ്യത്തിനു പുറമെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനുള്ള തയാറെടുപ്പിലാണ് ഗുരുവായൂരപ്പൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.