പച്ചമരുന്നിനും തമിഴ്നാട്ടിലേക്ക് ഒാടേണ്ട, അങ്ങാടിക്കടകൾക്ക് അരികിൽ ഇനി ഔഷധത്തോട്ടവും
text_fieldsകോട്ടയം: പച്ചക്കറിപോലെ പച്ചമരുന്നിനും തമിഴ്നാട്ടിലേക്ക് ഒാടുന്ന സ്ഥിതിക്ക് അറുതിവരുത്താൻ അങ്ങാടിക്കടകൾക്ക് അരികിൽ ഔഷധത്തോട്ടങ്ങൾ ഒരുക്കാൻ ജൈവവൈവിധ ബോർഡ് പദ്ധതി. ഇതിെൻറ ഭാഗമായി ക്ഷാമമുള്ള വസ്തുക്കൾ കണ്ടെത്താൻ പച്ചമരുന്ന് കടകളിൽ വിവരശേഖരണം തുടങ്ങി.
പരീക്ഷണാടിസ്ഥാനത്തിൽ ഒാരോ ജില്ലയിലെയും തെരഞ്ഞെടുത്ത ഒരു നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളിലെ പച്ചമരുന്ന് കടകളിലാണ് കണക്കെടുപ്പ്. കോർപറേഷനുള്ള ജില്ലയാണെങ്കിൽ അവിടെയും വിവരണശേഖരണം നടത്തും. ഏറ്റവും ക്ഷാമമുള്ള പച്ചമരുന്ന് ചെടികളുടെ ചെറുതോട്ടം ഒരുക്കാനാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഇവരുടെ ഉടമസ്ഥതയിലുള്ള 10 സെൻറിൽ കൂടുതലുള്ള സ്ഥലത്താകും ഔഷധത്തോട്ടം.
നേരത്തേ സംസ്ഥാനത്തെ മുഴുവൻ പച്ചമരുന്നുകടകളുടെയും എണ്ണം ശേഖരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വിൽപനയുള്ള വസ്തുക്കൾ, എവിടെ നിന്നാണ് മരുന്നുകൾ ലഭിക്കുന്നത്, കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്, ഔഷധസസ്യങ്ങളുടെ ലഭ്യതയിൽ കുറവുവരുന്നുണ്ടോ, ഏറ്റവും ക്ഷാമമുള്ള വസ്തു എന്നിവയടക്കമുള്ള വിവരശേഖരണത്തിനാണ് തുടക്കമായത്. ഒാരോ ഉൽപന്നത്തിെൻറയും മുൻവിലയും ഇപ്പോഴത്തെ വിലയും ശേഖരിക്കുന്നുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിലാണ് തോട്ടം ഒരുക്കുക. ആവശ്യമായ തുക ജൈവവൈവിധ്യബോർഡ് നൽകും. സംസ്ഥാനത്ത് നേരത്തേ സുലഭമായിരുന്ന പല ഔഷധസസ്യങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
തമിഴ്നാടിനെ ആശ്രയിച്ചാണ് ഇത്തരം കടകളുടെ ഇപ്പോഴത്തെ പ്രവർത്തനം. മുമ്പ് കടകളിൽ ചെടികൾ എത്തിക്കാൻ സ്ഥിരം ആളുകളുണ്ടായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും കാരണം ഇവർ പിൻവാങ്ങിയതാണ് തിരിച്ചടിയായത്. പുതിയ ആൾക്കാർ ഈ രംഗത്തേക്ക് കടന്നുവന്നതുമില്ല. പുതുതലമുറക്ക് പച്ചമരുന്നിനെപ്പറ്റി അറിവില്ലാത്തതും പറമ്പുകളുടെ എണ്ണം കുറഞ്ഞതും ഔഷധസസ്യ ലഭ്യതയെ ബാധിച്ചു. ഇതിന് മാറ്റം വരുത്താനും പുതിയ പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.