കാന്താരി മുളക് വേണോ? വില 450 രൂപ
text_fieldsശ്രീകണ്ഠപുരം: ഡിമാന്റും വിലയും കുതിച്ചുയർന്ന് കാന്താരി മുളക്. അടുത്തകാലം വരെ 80- 150 വരെ വിലയുണ്ടായിരുന്ന കാന്താരി മുളകിന് ജില്ലയിൽ കഴിഞ്ഞ ദിവസം 450 രൂപയാണ് ഒരു കിലോയുടെ വില. മലമടക്കു ഗ്രാമങ്ങളിൽ വിളവ് ഏറെയുള്ള കാന്താരി വീടുകളിലെത്തിയാണ് പുറമെ നിന്നുള്ളവർ ശേഖരിക്കുന്നത്. വിപണിയിലും ഇവ സുലഭമാണ്. കഴിഞ്ഞയാഴ്ച ചിലയിടങ്ങളിൽ 350 രൂപയുണ്ടായിരുന്നതാണ് നിലവിൽ 450 ലെത്തിയത്.
ഒട്ടേറെ ഔഷധ ഗുണമുള്ള കാന്താരിക്ക് വില കൂടിയാലും വാങ്ങാൻ ആളുണ്ടെന്നതാണ് അവസ്ഥ. പച്ചക്കറി കടകളിലെത്തും മുമ്പേ തന്നെ ആവശ്യക്കാർ കൊണ്ടുപോവുകയാണെന്ന് കർഷകർ പറയുന്നു. പയ്യാവൂർ, ഏരുവേശി, കുടിയാന്മല, നടുവിൽ, ശ്രീകണ്ഠപുരം, ചെങ്ങളായി, ആലക്കോട്, ഉദയഗിരി, ചെറുപുഴ, ഉളിക്കൽ മേഖലകളിലെല്ലാം കാന്താരി സുലഭമാണ്. ഇവിടങ്ങളിലെല്ലാം നിരവധിയാളുകൾ കാന്താരി തേടിയെത്തുന്നുമുണ്ട്. മറ്റ് കൃഷികൾക്ക് ഇടവിളയെന്ന രീതിയിലാണ് മലയോര ഗ്രാമങ്ങളിൽ കാന്താരിയും വിളയിക്കുന്നത്. അതിർത്തി ഉൾഗ്രാമങ്ങളിൽ സ്വമേധായ മുളച്ച് നല്ല വിളവ് നൽകുന്ന കാന്താരിയും സുലഭമാണ്. ഇവിടത്തെ പോലെത്തന്നെ വിദേശത്തും കാന്താരി മുളകിന് ആവശ്യക്കാർ ഏറെയുണ്ട്. നാട്ടിലെത്തി മടങ്ങുന്ന പ്രവാസികൾ പല രൂപത്തിൽ കാന്താരി കൊണ്ടു പോകുന്നു. പച്ചയായും ഉണക്കിയും ഉപ്പിലിട്ടും അച്ചാർ രൂപത്തിലുമെല്ലാം കാന്താരി ഉപയോഗിക്കുന്നുണ്ട്. വിളവെടുത്താൽ അധികം നിൽക്കില്ലെന്നതിനാലാണ് വേറിട്ട രീതികളിൽ കാന്താരി ഭക്ഷ്യവസ്തുക്കളുടെ ഭാഗമാക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.