കുരുമുളകിന് വാട്ടം: കർഷകർ അങ്കലാപ്പിൽ
text_fieldsകട്ടപ്പന: ചൂട് കൂടിയതോടെ കുരുമുളക് ചെടികൾ വാടി തിരികൾ കൊഴിഞ്ഞ് നശിക്കുന്നു. ഇനി മഴ ലഭിച്ചാലും കുരുമുളക് ചെടികളിലെ തിരികൾ പൂർണമായും കൊഴിഞ്ഞുപോകും. കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലും ഹൈറേഞ്ചിന്റെ പല മേഖലകളിലും കുരുമുളക് ചെടികളിലെ തിരികൾ കൊഴിഞ്ഞുപോകുന്നുണ്ട്. തിരികൾ കൊഴിയുന്നതിനൊപ്പം കുരുമുളകുചെടികൾ വാടി ഉണങ്ങുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുരുമുളകിന് കിലോക്ക് 640 രൂപവരെ ലഭിക്കുന്ന സമയത്താണ് ഈ തിരിച്ചടി.
2015ൽ ഒരു കിലോ കുരുമുളകിന് 730 രൂപ വരെ ഉയർന്നശേഷം കിലോക്ക് 430 രൂപയിലേക്ക് താഴ്ന്നു. ഇപ്പോഴാണ് മുളകിന് ന്യായമായ വില കിട്ടുന്നത്. ഒരു കിലോ കുരുമുളകിന് 650 രൂപ വരെ രണ്ടാഴ്ച മുമ്പ് വില ഉയർന്നിരുന്നു. ഉൽപന്നം കാര്യമായി വിപണിയിലേക്ക് എത്താത്തതിനാൽ ഗുണമേന്മ കൂടിയ കുരുമുളക് ഇതിനെക്കാൾ വില നൽകി വാങ്ങുന്ന കച്ചവടക്കാരുമുണ്ട്. എന്നാൽ, കർഷകരുടെ പക്കൽ കുരുമുളക് ഇല്ലാത്തതിനാൽ വില ഉയർന്നതിന്റെ പ്രയോജനം വ്യാപാരികൾക്കാണ് ലഭിക്കുന്നത്. കടബാധ്യതമൂലം കൃഷിയുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് അവരുടെ ഉൽപന്നം സ്റ്റോക്ക് ചെയ്ത് െവക്കാൻ സാധിക്കില്ല. വിളവെടുപ്പ് നടത്തിയാലുടൻ ഉൽപന്നം വിറ്റഴിക്കുന്ന സ്ഥിതിയാണ്. അതിനാൽ ഇത് വാങ്ങി സംഭരിക്കുന്ന കച്ചവടക്കാർക്കാണ് വില ഉയർച്ചയുടെ പ്രയോജനം ലഭിക്കുന്നത്. മെച്ചപ്പെട്ട വില ഇപ്പോൾ ലഭിക്കുന്നതിനാൽ അടുത്ത സീസണിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
അതിനിടയിൽ ഇപ്പോഴുണ്ടായിരിക്കുന്ന ചെടികളുടെ വാട്ടവും തിരികൊഴിച്ചിലും കർഷകർക്ക് വലിയ മനോവിഷമത്തിനിടയാക്കിയിട്ടുണ്ട്. അടുത്ത ഡിസംബർ മുതൽ മാർച്ച് വരെയാണ് കുരുമുളകിന്റെ വിളവെടുപ്പ് സീസൺ. അപ്പോഴേക്കും തിരികൾ കൊഴിഞ്ഞ് ചെടികൾ പൂർണമായും നശിക്കുന്ന സ്ഥിതിയാണുള്ളതെന്ന് കർഷകർ പറയുന്നു. അടുത്ത വർഷം ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് കാർഷികമേഖലയിൽനിന്ന് ലഭിക്കുന്ന സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.