തണ്ണിത്തോട്ടില്‍ താരമായി കരിമഞ്ഞളും ചുവപ്പ് ഇഞ്ചിയും
text_fieldsകോന്നി: കുര്കുമ സീസിയ എന്ന പേര് കേട്ട് ആരും നെറ്റി ചുളിക്കേണ്ട. തേക്കുതോട് മേലേ പൂച്ചക്കുളത്ത് വിളഞ്ഞ കരിമഞ്ഞളിന്റെ ശാസ്ത്രനാമമാണ് കുര്കുമ സീസിയ. തേക്കുതോട് മേലേപൂച്ചക്കുളം പുളിക്കലേടത്ത് പി.ഡി. പ്രസാദിന്റെ കൃഷിയിടത്തിലാണ് കുര്കുമ സീസിയ എന്ന ശാസ്ത്രനാമമുള്ള കരിമഞ്ഞളും ഒപ്പം ഇഞ്ചികളുടെ രാജാവ് എന്ന ഇന്തോനേഷ്യന്‍ ചുവപ്പ് ഇഞ്ചിയും വിളഞ്ഞത്. വയനാടന്‍ ആദിവാസികളില്‍നിന്നാണ് കരിമഞ്ഞള്‍ ലഭിച്ചത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്താണ് ചുവപ്പ് ഇഞ്ചി നൽകിയത്. വംശനാശ ഭീഷണി നേരിടുന്ന കരിമഞ്ഞള്‍ മുറിച്ചാല്‍ നീലകലര്‍ന്ന കറുപ്പാണ് നിറം. കര്‍പ്പൂരത്തിന്റെ ഗന്ധവും ഇതിനെ വ്യത്യസ്തമാക്കുന്നു. ഇലയുടെ മധ്യത്തില്‍ കടുംവയലറ്റ് വരകളുണ്ടാകും. കരിമഞ്ഞള്‍ ഒരു തവണമാത്രം പുഷ്പിക്കുകയും പുനരുൽപാദനം നടത്തിയ ശേഷം പിന്നീട് നശിക്കുകയുമാണ് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കരിമഞ്ഞള്‍ കൃഷി ഏറെയും. കേരളത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലും കണ്ടുവരുന്നു. ആയുര്‍വേദ ചികിത്സക്കും പൂജകര്‍മങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നുണ്ട്. മുഖകാന്തിക്ക് ഉത്തമമായ കരിമഞ്ഞളിന് വിപണിയില്‍ മികച്ച വിലയുണ്ട്. കരിമഞ്ഞള്‍ തേടി നിരവധി ആളുകള്‍ പ്രസാദിനെ സമീപിക്കാറുണ്ട്. ചുവപ്പ് ഇഞ്ചി കറികളിലും ഉപയോഗിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.