‘നീലവിപ്ലവം’ അട്ടിമറിച്ച് കേന്ദ്രം; മത്സ്യകർഷകർ പ്രതിസന്ധിയിൽ
text_fieldsപൊന്നാനി: മത്സ്യ ഉൽപാദനം വർധിപ്പിക്കാൻ ആവിഷ്കരിച്ച ‘ബ്ലൂ റവലൂഷൻ’ പദ്ധതി അട്ടിമറിച്ച് കേന്ദ്രസർക്കാർ. പദ്ധതി പ്രകാരം പൊന്നാനി ഹാർബറിലും താനൂരിലും മത്സ്യകൃഷിയിറക്കിയ കർഷകരാണ് ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയിലായത്. കാളാഞ്ചി, കരിമീൻ എന്നീ മത്സ്യങ്ങളും അനുബന്ധ സൗകര്യങ്ങളും ആദ്യ പത്ത് മാസം യൂനിറ്റിന് ദിവസവേതനമായി 675 രൂപയും നൽകുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഇത് വിശ്വസിച്ച് കൃഷിയിറക്കിയ പൊന്നാനി അഴീക്കൽ സ്വദേശി അമ്പ്രു കുട്ടിക്കാനകത്ത് സിദ്ദീക്കോയ പ്രസിഡന്റായ വി.എസ്.ആർ ഗ്രൂപ്പിനാണ് പത്ത് മാസമായിട്ടും പണം ലഭിക്കാത്തത്. യുവാക്കളടങ്ങുന്ന 10 അംഗ സംഘമാണ് മത്സ്യകൃഷി ആരംഭിച്ചത്. പദ്ധതിപ്രകാരം 25,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നൽകേണ്ടത്. എന്നാൽ, ഇവർക്ക് നൽകിയത് 3000 എണ്ണത്തിനെയാണ്. പത്ത് മാസമാണ് ആദ്യഘട്ട കാലാവധി.
മത്സ്യത്തിന് ഒരു കിലോ തൂക്കമായാൽ വിളവെടുപ്പ് നടത്താമെന്നതാണ് വ്യവസ്ഥ. മത്സ്യം വിറ്റ് കിട്ടുന്ന പണം ഫിഷറീസ് വകുപ്പും ഗ്രൂപ്പും ചേർന്നുള്ള ഗ്രൂപ്പ് അക്കൗണ്ടിൽ നിക്ഷേപിക്കും. പിന്നീട് ഈ തുക ഉപയോഗിച്ച് എത്ര വർഷം വേണമെങ്കിലും മത്സ്യകൃഷി നടത്താം. മത്സ്യത്തിന് തീറ്റ നൽകാൻ ഒരു ദിവസം 2000 രൂപയാണ് ചെലവ് വരുന്നത്. 2000 രൂപ വെച്ച് പത്ത് മാസമാണ് ഗ്രൂപ്പംഗങ്ങൾ പണം മുടക്കിയത്.
ദിവസവേതനമായി നൽകുമെന്ന് പറഞ്ഞ 675 രൂപയും പത്ത് മാസമായി സർക്കാർ നൽകിയിട്ടില്ല. ഏകദേശം 65 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. എന്നാൽ, പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ച മട്ടാണെന്നും ഫണ്ടിനായി നിരവധി കത്തുകൾ കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.