വീടുകളിൽ എളുപ്പം വഴുതന വളർത്താം; വീട്ടുമുറ്റത്തും ടെറസിലും എവിടെയും കൃഷി ചെയ്യാം
text_fieldsവീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നത് വലിയ ചെലവില്ലാതെ ജൈവ പച്ചക്കറികൾ നമുക്ക് വിളവെടുക്കാം എന്നതിനോടൊപ്പം മനസിനും ആനന്ദം തരുന്ന കാര്യമാണ്. വീട്ടുമുറ്റത്തും ടെറസിലും അടുക്കളത്തോട്ടത്തിലുമെല്ലാം കൃഷിചെയ്യാൻ പറ്റിയ മികച്ച ഒരു ഇനമാണ് വഴുതന. ഒരു ചെടിച്ചട്ടിയും വളക്കൂറുള്ള കുറച്ച് മണ്ണും ആരോഗ്യമുള്ള വഴുതന വിത്തുകളും ഉണ്ടെങ്കിൽ നല്ല, മരുന്നടിക്കാത്ത വഴുതന നമ്മുടെ തീന്മേശയിൽ എത്തിക്കാം. വെള്ളയും പച്ചയും പര്‍പ്പിളും മഞ്ഞയും നിറത്തിലുള്ള വഴുതന ഇനങ്ങളുണ്ട്. വിവിധ തരത്തിലുള്ള ചെടികള്‍ വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള കായകള്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് രസകരമായി വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന.
തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും വഴുതന വളര്‍ത്താൻ പറ്റും. വളരാന്‍ നല്ല സ്ഥലം ഒരുക്കിയാല്‍ മാത്രം മതി. ഹൈബ്രിഡ് ഇനങ്ങളും ലഭ്യമാണ്.
പാത്രങ്ങളില്‍ രണ്ട് തരത്തില്‍ വഴുതന വളര്‍ത്താം
- വിത്തുകള്‍ ഉപയോഗിച്ച് വഴുതന വളര്‍ത്തുന്നതാണ് ഒരു രീതി. വിത്തുകള്‍ വാങ്ങി പാത്രങ്ങളില്‍ വളര്‍ത്തിയെടുക്കാം. പാക്കറ്റ് വിത്തുകൾ വിപണിയിൽ യഥേഷ്ടം ലഭ്യമാണ്.
- വിത്ത് മുളപ്പിക്കാനായി ട്രേകളില്‍ വിതയ്ക്കുമ്പോള്‍ ആദ്യത്തെ രണ്ടാഴ്ച സൂര്യപ്രകാശം നേരിട്ട് പതിക്കരുത്. എന്നാൽ, മുഴുവന്‍ സമയം തണലത്താണ് വളര്‍ത്തുന്നതെങ്കില്‍ ശരിയായ വളര്‍ച്ച നടക്കാതെയും വരും. ഇതിന് മൂന്ന് മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് പാത്രം മാറ്റിവെച്ചാല്‍ മതി.
- വെള്ളം അമിതമായാലും കുറഞ്ഞുപോയാലും ചെടി നശിച്ചുപോകും. നല്ല നീര്‍വാര്‍ച്ചയുള്ളതും പെട്ടെന്ന് വരണ്ടു പോകാത്തതുമായ മണ്ണാണ് ആവശ്യം.
- മണ്ണും മണലും കമ്പോസ്റ്റും അടങ്ങിയ മണ്ണില്‍ 5:10:5 എന്ന അളവില്‍ നൈട്രജൻ വളവും ഫോസ്ഫറസും പൊട്ടാസ്യവും ചേര്‍ത്ത് കൃഷി ചെയ്യുന്നതാണ് കൂടുതൽ നല്ലത്. മണ്ണിന്റെ പി.എച്ച് മൂല്യം 6.3നും 6.8 നും ഇടയിലായിരിക്കണം.
- വഴുതനച്ചെടിക്ക് വളരാനാവശ്യമായ സ്ഥലം നല്‍കണം. 30 സെ.മീ അകലം നല്‍കി മാത്രമേ ചെടികള്‍ വളര്‍ത്താവൂ. 20 ലിറ്റര്‍ ഭാരം താങ്ങാന്‍ കഴിവുള്ള പാത്രമായിരിക്കണം എടുക്കേണ്ടത്. പ്ലാസ്റ്റിക് ബക്കറ്റ്, കളിമണ്‍ പാത്രങ്ങള്‍ എന്നിവയും ഉപയോഗിക്കാം. നഴ്‌സറിയില്‍ നിന്നോ പച്ചക്കറികള്‍ വളര്‍ത്തുന്നവരില്‍ നിന്നോ തൈകള്‍ വാങ്ങി നടുന്നതാണ് താരതമ്യേന എളുപ്പമുള്ള വഴി.
- മൺപാത്രങ്ങളാണ് ഏറ്റവും നല്ലത്. വഴുതനച്ചെടിക്ക് ചൂട് ആവശ്യമായതിനാൽ മറ്റുള്ള പ്ലാസ്റ്റിക് പാത്രങ്ങളേക്കാള്‍ മൺപാത്രങ്ങള്‍ ചൂട് നിലനിര്‍ത്തും.
- പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി ചെടിയ്ക്ക് രോഗങ്ങളും ബാക്റ്റീരിയ മൂലമുള്ള അസുഖങ്ങളും വരില്ലെന്ന് ഉറപ്പ് വരുത്തണം.
- പാത്രത്തില്‍ മണ്ണും ചാണകപ്പൊടിയും ചേര്‍ന്ന പോട്ടിങ്ങ് മിശ്രിതം നിറച്ചശേഷം തൈകള്‍ നടാം. ആറോ ഏഴോ മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കണം. വേനല്‍ക്കാലത്ത് ദിവസം മൂന്ന് പ്രാവശ്യം നനയ്ക്കുന്നത് നല്ലതാണ്.
വിളവെടുപ്പ്
70 ദിവസങ്ങൾക്ക് ശേഷമാണ് വഴുതന വിളവെടുപ്പിന് പാകമാകുന്നത്. വഴുതന പാകമായോ എന്നറിയാന്‍ മെല്ലെ അമര്‍ത്തി നോക്കുക. തുടർന്ന് നിങ്ങളുടെ വിരലടയാളം കായയില്‍ കാണുകയും വളരെ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ടെങ്കിൽ വിളവെടുപ്പിന് പാകമായെന്നര്‍ഥം. വിളവെടുത്ത വഴുതന കേടാകാതെയിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.