പുറ്റടിയിൽ ഏലക്കലേലം നിലച്ചു; കർഷക സംഘടനകൾ ആശങ്കയിൽ
text_fieldsകട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിലെ ഏലക്കലേലം നിലച്ചതിൽ ആശങ്ക പ്രകടിപ്പിച്ച കർഷകസംഘടനകൾ പരിഹാരം കാണാൻ 12ന് കുമളിയിൽ യോഗം ചേരും. പുറ്റടിയിൽ ലേലം നിലക്കുകയും സ്വകാര്യ ഏജൻസികൾ തമിഴ്നാട് കേന്ദ്രീകരിച്ച് സ്വകാര്യ ലേലം ആരംഭിക്കുകയും ചെയ്തു. സ്പൈസസ് പാർക്കിലെ ഓൺലൈൻ ലേലം അട്ടിമറിക്കാൻ തമിഴ്നാട്ടിലെ ബോഡിനായ്കന്നൂർ കേന്ദ്രീകരിച്ചു ഉത്തരേന്ത്യൻ ലോബി പ്രചാരണം നടത്തിയതിനെ തുടർന്നാണ് പുറ്റടിയിൽ ലേലം നിലച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അന്തർ സംസ്ഥാന വ്യാപാരികൾക്ക് പുറ്റടിയിലേക്ക് വരാനാവില്ലെന്ന് പറഞ്ഞാണ് ലേലത്തിൽനിന്ന് തമിഴ് വ്യാപാരികളും ഏജൻസികളും വിട്ടുനിന്നത്. പുറ്റടിയിൽ ലേലം നടക്കുമ്പോൾ സാധാരണഗതിയിൽ തമിഴ്നാട്ടിൽനിന്ന് അറുപതോളം വ്യാപാരികളും ഉത്തരേന്ത്യേൻ വ്യാപാരികളുടെ ഏജൻറുമാരും പങ്കെടുക്കാറുണ്ട്. യാത്രപ്പടി നൽകിയാണ് ലേല ഏജൻസികൾ വ്യാപാരികളെ എത്തിച്ചിരുന്നത്.
പുറ്റടിയിലെ ലേലം നിലച്ചതോടെ സ്വകാര്യ കമ്പനികളുടെ ഓൺലൈൻ ലേലത്തെ മാത്രം ആശ്രയിച്ചാണ് ഇപ്പോൾ ഏലക്കലേലം. ഇത് കർഷകർക്ക് തിരിച്ചടിയായി. ഉത്തരേന്ത്യൻ വ്യാപാരികളുമായി അടുത്ത ബന്ധമുള്ള ലേല ഏജൻസികൾക്ക് സ്വകാര്യലേലം നടത്തുന്നത് വലിയ ലാഭം ഉണ്ടാക്കും. പുറ്റടിയിലെ ലേലത്തിൽ പങ്കെടുത്ത 12 കമ്പനികളിൽ 11 എണ്ണവും ബോഡിനായ്കന്നൂർ കേന്ദ്രീകരിച്ചു സ്വകാര്യലേലം തുടങ്ങി. ഒരു പ്രമുഖ കമ്പനിയുടെ ബോഡിനായ്കന്നൂരിലേ ഗോഡൗൺ, ഓഫിസ്, കമ്പ്യൂട്ടർ സംവിധാനങ്ങൾ വാടകക്കെടുത്താണ് ചില സ്വകാര്യ കമ്പനികൾ ഓൺലൈൻ ലേലം തുടങ്ങിയത്. പുറ്റടിയിലെ ലേലം നിലച്ചതോടെ വ്യാപാരികൾക്ക് കേരളത്തിലേക്ക് വരേണ്ടിവരില്ല. ഇത് കേരളത്തിലെ ഏലം കർഷകരെ, സ്വകാര്യ കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഏലക്ക വിൽക്കേണ്ട ഗതികേടിലേക്ക് എത്തിച്ചിരിക്കുകയാണ്. വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഹാളിൽ വിവിധ കർഷക സംഘടനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ആശങ്ക പങ്കുെവച്ചത്. എം.എം. മണി എം.എൽ.എ, അസോസിയേഷൻ പ്രസിഡൻറ് ജോയി കണ്മുണ്ടയിൽ, സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ എന്നിവരും യോഗത്തിൽ പെങ്കടുത്തു.
കർഷക സംഘം പ്രതിഷേധിച്ചു
തൊടുപുഴ: വണ്ടൻമേട് പുറ്റടി സ്പൈസസ് പാർക്കിലെ ഏലം ലേലം തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കത്തിൽ സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഉത്തരേന്ത്യൻ ലോബിക്കുവേണ്ടി ഒത്താശ ചെയ്യുന്നത് സ്പൈസസ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരാണ്. പുറ്റടിയിലെ ഏലം ലേലം നിലനിർത്താൻ മുഖ്യമന്ത്രി ഇടപെടണമെന്നും ലേലം പുനരാരംഭിക്കണമെന്നും ജില്ല പ്രസിഡൻറ് ടി.എം. ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.