ഏലതട്ട കിട്ടാനില്ല; കർഷകർക്ക് കഷ്ടകാലം
text_fieldsകട്ടപ്പന: വേനൽചൂടിൽ ഏലകൃഷി നശിച്ച കർഷകർക്ക് പുന:കൃഷിക്കുള്ള നടീൽ വസ്തുവായ ഏലതട്ട കിട്ടാനില്ല. ഉള്ളതിനാകട്ടെ തീ വിലയും. ഏലതോട്ടം മേഖലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കനത്ത വേനൽ ചൂടിൽ ഏലം പൂർണമായി നശിച്ചതിനാൽ പുതിയ ചെടി നടാനുള്ള നടീൽവസ്തുവായ ഏലതട്ട ലഭ്യമല്ല. അപൂർവമായി ഉള്ള സ്ഥലങ്ങളിലാകട്ടെ ഒരു ചെടിക്ക് 400 രൂപ വരെയാണ് വില. ഈ വിലക്ക് വാങ്ങാമെന്നു വിചാരിച്ചാലും ആവശ്യത്തിന് കിട്ടാനുമില്ല.
ഏലം ആവർത്തന കൃഷി നടത്താൻ സാധാരണയായി ഉപയോഗിക്കുന്നത് തോട്ടങ്ങളിൽ നിൽക്കുന്ന ചെടിയുടെ ചുറ്റം പുതുതായുണ്ടാകുന്ന ഏലതട്ടയാണ്. ഒരു ഏലച്ചെടിയിൽ നിന്ന് സാധാരണ നാലു മുതൽ ഏല തട്ടകൾ നടീൽ വസ്തുവായി ലഭിക്കും. ഇതു കൂടാതെ ഏല നഴ്സറികളിൽ പ്രത്യേകം പരിപാലിച്ചു നട്ടുവളർത്തുന്ന ഏല ചെടികളും നടീൽ വസ്തുവായി ഉപയോഗിക്കും. ഇത്തരത്തിൽ ലഭിക്കുന്ന ഏല തട്ടകളാണ് ഹൈറേഞ്ചിൽ വ്യാപകമായി ഏലം ആവർത്തന കൃഷിക്ക് ഉപയോഗിക്കുന്നത്. ഏലക്ക മുളപ്പിച്ച് തൈ തയാറാക്കി നടുന്നവരും ഉണ്ട്. കുരു മുളപ്പിച്ചു തൈ നട്ടു വളർത്തി ആദായം ലഭിക്കാൻ മുന്ന് വർഷം വേണ്ടിവരും. എന്നാൽ ചെടി വളർന്ന് വലുതായി കഴിയുമ്പോൾ ലഭിക്കുന്ന വിളവ് എപ്രകാരമായിരിക്കും എന്നതിന് യാതൊരു ഉറപ്പും കർഷകർക്ക് ഉണ്ടാവില്ല.
അതേസമയം, ഏലതട്ട നട്ടുവളർത്തുന്ന തോട്ടങ്ങളിൽ പിറ്റേ വർഷം തന്നെ ആദായം ലഭിക്കും. തന്നെയുമല്ല മാതൃചെടിയുടെ എല്ലാ ഗുണങ്ങളും മനസ്സിലാക്കി ചെടി നടാമെന്നതും മാതൃചെടിയിലെ അതേ വിളവ് തന്നെ നടുന്ന ചെടിയിൽ നിന്ന് ലഭിക്കുമെന്ന് ഉറപ്പാക്കാനുമാവുമെന്നതും മെച്ചമാണ്. അതിനാൽ, തട്ട നട്ടുള്ള ഏല കൃഷിയാണ് ഹൈറേഞ്ചിലെ തോട്ടങ്ങളിൽ പതിവ്. ഈ വർഷത്തെ കഠിനമായ വേനലിൽ ചെടികൾ മുച്ചൂടും കരിഞ്ഞുണങ്ങിയപ്പോൾ ഏലതട്ടകളും ഇല്ലാതായി. അപൂർവം തോട്ടങ്ങളിൽ വേനലിനെ അതിജീവിച്ചു നിൽക്കുന്ന ഏല തട്ടകൾക്ക് വലിയ വിലയാണ് ഉടമസ്ഥർ ആവശ്യപ്പെടുന്നത്. സാധാരണ ഒരു ഏല തട്ടക്ക് 100 മുതൽ 150 രൂപ വരെയായിരുന്നു മുൻകാലങ്ങളിലെ വില. എന്നാൽ, ഈ വർഷം 400 രൂപവരെ ഒരു തട്ടക്ക് കൊടുക്കേണ്ട സ്ഥിതിയാണ്. ഈ തീവില കൊടുത്താലും മിക്കയിടത്തും ഏലതട്ട കിട്ടാനുമില്ല. ഇതു മൂലം ഈ വർഷം ഏലം പുന: കൃഷി നടത്താനാവാത്ത ഗതികേടിലാണ് കർഷകർ. ഈ വർഷം കൃഷി നടത്തിയെങ്കിലേ രണ്ടാം വർഷമെങ്കിലും എന്തെങ്കിലും ആദായം ലഭിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.