ഏലം പൂക്കുന്നു, ഓണാട്ടുകരയിൽ
text_fieldsകായംകുളം: ഇടുക്കിയുടെ തണുപ്പിൽ മാത്രം വിളഞ്ഞിരുന്ന ഏലം ഓണാട്ടുകരയുടെ പശിമയാർന്ന മണ്ണിലും പൂവിടുകയാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം കറ്റാനം ഇലിപ്പക്കുളം നഗരൂർ വീട്ടിലാണ് പൂത്തത്. തണലും ഈർപ്പമുള്ളതുമായ തണുത്ത കാലാവസ്ഥയിൽ മാത്രമാണ് ഏലം തളിർത്ത് പൂക്കാറുള്ളത്. തണൽ കൂടുന്നതും കുറയുന്നതും വളർച്ചയെ ബാധിക്കുന്ന ഘടകമാണ്. ഈ സാഹചര്യത്തിലാണ് അനുകൂല കാലാവസ്ഥ ഘടകങ്ങളില്ലാത്ത ഓണാട്ടുകരയിൽ ഏലം വിളഞ്ഞത്.
നഗരൂർ വീട്ടിലെ പരേതനായ അബ്ദുൽ ഖാദർ തുടങ്ങിവെച്ച കൃഷി പരീക്ഷണം വിജയത്തിലെത്തിയതിെൻറ സന്തോഷത്തിലാണ് ഭാര്യ സുഹുറ ബീവി. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കിഴക്കൻ നാട്ടിൽനിന്ന് കൊണ്ടുവന്ന തൈ പ്രത്യേക സംവിധാനം ഒരുക്കി നട്ടത്. ഇതിന് മുമ്പ് പല പ്രാവശ്യം തൈകൾ നട്ടെങ്കിലും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ കാരണം വിജയിച്ചിരുന്നില്ല. ഇതിൽനിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടായിരുന്നു പുതിയ കൃഷി.
തൈ കിളിർത്ത് തുടങ്ങിയപ്പോഴേക്കും അബ്ദുൽ ഖാദർ മരണപ്പെട്ടിരുന്നു. കൃഷിയിൽ താൽപര്യമുള്ള ഭാര്യ സുഹുറ നൽകിയ തുടർപരിചരണമാണ് ഏലം വളർച്ചക്ക് കാരണമായത്. ചാണകവും എല്ലുപൊടിയുമാണ് വളമായി നൽകിയത്. നിറയെ പൂത്തെങ്കിലും ഉറുമ്പുകളുടെ ശല്യം വിളവിനെ ബാധിച്ചതായി സുഹുറ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.