ഏലം കർഷകർ കുരുമുളക്, കാപ്പി കൃഷിയിലേക്ക്
text_fieldsകട്ടപ്പന: കാലാവസ്ഥ വ്യതിയാനവും മറ്റ് കാരണങ്ങളും മൂലം ഏലം കൃഷി തുടർച്ചയായി നശിക്കുന്ന സാഹചര്യത്തിൽ കർഷകർ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിയിലേക്ക് തിരിയുന്നു. നല്ല വില കിട്ടിയാൽ പോലും ലാഭകരമാകാത്തത്ര പരീക്ഷണമായി ഏലം കൃഷി ഓരോ സീസണിലും മാറുന്ന സാഹചര്യമാണ്.
ഉൽപാദനത്തിലെ ഇടിവാണ് ഏലം കൃഷിയിൽ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. വിലയിലെ ചാഞ്ചാട്ടവും പ്രശ്നമാണ്.
കാപ്പിക്കും കുരുമുളകിനും നല്ല വില ലഭിക്കുന്നതും ഉൽപാദന ചെലവും പരിപാലന കൂലിയും കുറവാണെന്നതുമാണ് കർഷകരെ ഈ കൃഷിയിലേക്ക് ആകർഷിക്കുന്നത്. ഏലം കൃഷിക്ക് ഏക്കറിന് അഞ്ചു ലക്ഷം വരെ ഉൽപാദന ചെലവ് വരുമ്പോൾ കുരുമുളക്-കാപ്പി കൃഷിക്ക് ഏക്കറിന് ഒരു ലക്ഷത്തിനടുത്തെ ചെലവ് ഉണ്ടാകുന്നുള്ളു. കുരുമുളകിന് കിലോഗ്രാമിന് 632 രൂപയും കാപ്പി (റോബസ്റ്റാ ) കിലോഗ്രാമിന് 220 രൂപയും കാപ്പി പരിപ്പ്ന് (റോബസ്റ്റാ) കിലോഗ്രാമിന് 365 രൂപയും ഇപ്പോൾ വിലയുണ്ട്. ഉൽപാദന ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് കാര്യമായ ലാഭം തരുന്ന കൃഷിയായി മാറിയിട്ടുമുണ്ട്.
ഈ വർഷം കാപ്പി, കുരുമുളക് തൈകളുടെ വിൽപ്പന മുൻവർഷങ്ങളെ അപേക്ഷിച്ചു മൂന്നിരട്ടിയിലധികം വർധിച്ചെന്ന് നഴ്സറി ഉടമകൾ പറയുന്നു. ഏലത്തട്ടകളുടെ വിൽപ്പന മുൻവർഷങ്ങളെ അപേക്ഷിച്ചു 50 ശതമാനം കുറഞ്ഞപ്പോഴാണ് കുരുമുളക് തൈകളുടെ വിൽപനയിൽ വർധനവ്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അപ്രതീക്ഷിത വേനൽ, ജലക്ഷാമം, ഉൽപാദന ചെലവിലെ വർധന, അടിസ്ഥാന വിലയിലെ ചാഞ്ചാട്ടം തുടങ്ങിയ കാരണങ്ങളാണ് ഏലം കർഷകരുടെ ചുവടുമാറ്റത്തിന് പ്രധാന കാരണം.
ഈ വർഷം 30 ശതമാനത്തോളം ഏലം കർഷകർ കാപ്പി, കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞതായി വിവിധ കർഷക സംഘടനകൾ പറയുന്നു. താരതമ്യേന വേനലിനെ അതിജീവിക്കാൻ ശേഷിയുള്ള കാപ്പി കൃഷിയാണ് ഏലം ഉപേക്ഷിച്ചവരിൽ കൂടുതൽ കർഷകരും തെരഞ്ഞെടുക്കുന്നത്. കാപ്പി കൃഷിക്ക് കോഫി ബോർഡ് നൽകുന്ന സബ്സിഡിയും കർഷകർക്ക് പ്രചോദനമാകുന്നു. ഹൈറേഞ്ചിലെ മണ്ണിന്റെ ഘടനയും കാലാവസ്ഥയും കുരുമുളകിനും പാകമായതിനാൽ ഏലം കൃഷി കൈവിട്ട കർഷകരിൽ നല്ലൊരു വിഭാഗം കുരുമുളകും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
ഏലത്തിനെ അപേക്ഷിച്ച് കാപ്പിക്കും കുരുമുളകിനും നാശനഷ്ടവും ഉൽപാദന ചെലവും കുറവാണെന്ന് കർഷകർ പറയുന്നു. കാർഡമം ഹിൽ റിസർവ് (സി. എച്ച്.ആർ) കേന്ദ്രീകരിച്ചാണ് ഹൈറേഞ്ചിലെ ഏലം കൃഷി. ഈ വർഷം ഏലത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വേനലിൽ ചെടികൾ ഭൂരിഭാഗവും ഉണങ്ങി കരിഞ്ഞത് വില വർധനവ് പ്രയോജനപ്പെടുന്നതിന് തടസമായി. ഏലച്ചെടിക്ക് ശരാശരി 18-24 ഡിഗ്രി തണുത്ത കാലാവസ്ഥയാണ് ഉത്തമം. ഈ വർഷം മഴയുണ്ടെങ്കിലും അന്തരീഷ ഊഷ്മാവ് കൂടുതലാണ്. അതിനാൽ ഏല ചെടികളിൽ കായ്പിടുത്തം തീരെ കുറവാണ്.
കായ് ഇല്ലെങ്കിലും വളം-കീടനാശിനി-പരിപാലനം ഒട്ടും കുറയില്ല. തന്നെയുമല്ല ചെടികൾ ഉണങ്ങി നശിച്ചാൽ വീണ്ടും ആവർത്തന കൃഷി നടത്തി വിളവ് ലഭിക്കാൻ കുറഞ്ഞത് രണ്ട് മുന്ന് വർഷം കാത്തിരിക്കണം. കാലാവസ്ഥയിൽ തുടരേ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ കാലാവസ്ഥയെ ആശ്രയിച്ചു കൃഷിയിറക്കുന്നത് പലപ്പോഴും കർഷകർക്ക് തിരിച്ചടിയായി മാറുകയും ചെയ്യുന്നു. ഏലക്കായക്ക് ശരാശരി 2100 രൂപ ഇപ്പോൾ വിലയുണ്ട്. ഈ വിലയും ഉൽപാദന ചെലവുമായി തട്ടിച്ചു നോക്കിയാൽ കൃഷി നഷ്ടമാണ്. ഉൽപാദനം കുത്തനെ ഇടിയുന്നതാണ് തിരിച്ചടി.
1995-2000 കാലം മുതലാണ് രാജ്യാന്തര വിപണിയിൽ ഏലത്തിന് ആവശ്യക്കാർ കൂടിയതും അപ്രതീക്ഷിതമായി വില ഉയരാൻ തുടങ്ങിയതും. 3500-4000 നിരക്കിൽ വരെ കിലോഗ്രാമിന് വില ലഭിച്ചിരുന്നു. ഉയർന്ന വില മാറ്റമില്ലാതെ നിലനിന്നതോടെ സാധാരണ കർഷകരും അന്ന് ഏലം കൃഷിയിലേക്ക് തിരിഞ്ഞു. പിന്നീട് ഏലക്കായുടെ വില 7000 വരെ ഉയർന്നതോടെ കാപ്പി, കുരുമുളക് തുടങ്ങിയവ വെട്ടി മാറ്റി അന്ന് കർഷകർ ഏലം കൃഷി വ്യാപകമാക്കിയെങ്കിലും അമിതമായ കിടനാശിനി പ്രയോഗവും രസവളത്തിന്റെ ഉപയോഗവും മണ്ണിന്റെ ഘടന നശിപ്പിച്ചു. പല കർഷകരും പരീക്ഷണങ്ങൾക്കു വിധേയമായി ഉൽപാദനം വർധിപ്പിക്കാൻ മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ച് തണൽ കുറച്ചു.
രാസവളങ്ങളും കീടനാശിനിയും അമിതമായി ഉപയോഗിച്ചു. ഇത് ജൈവാംശം ഇല്ലാതാക്കി മണ്ണിന്റെ ഘടനയെ മാറ്റിമറിച്ചു. രാസവളമില്ലാതെ കൃഷി നടത്താൻ കഴിയാത്ത സ്ഥിതിയായി ആവശ്യം വർധിച്ചതോടെ വളത്തിന്റെയും കീടനാശിനിയുടെയും വില കമ്പനികൾ വർധിപ്പിച്ചു. ഇതു കർഷകർക്കു താങ്ങാനായില്ല. അതിനിടെ തണൽ മരങ്ങൾ മുറിച്ചതിനാൽ വേനൽ ചൂട് ഏലം കൃഷിയെ ദോഷകരമായി ബാധിച്ചു. ജല ലഭ്യത ഇല്ലാതായതോടെ കൃഷി നല്ലരീതിയിൽ നനക്കാനും കഴിയുന്നില്ല. ഇങ്ങനെ ഏലം മേഖലയിൽ ഒരിക്കലും ഉണ്ടാകാത്ത വ്യാപക കൃഷിനാശമാണ് കഴിഞ്ഞ രണ്ടു വർഷവും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.