തെങ്ങിലെ കൂമ്പുചീയലിൽ ശ്രദ്ധവേണം
text_fieldsമഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾ രോഗമാണ് കൂമ്പുചീയൽ. പ്രായം കുറഞ്ഞ തെങ്ങുകളിലാണ് കൂമ്പുചീയൽ കൂടുതലായി കണ്ടുവരുന്നത്. കൂമ്പുചീയൽ ബാധിച്ചാൽ തൈകളുടെ കൂമ്പോല മഞ്ഞ നിറമാവുകയും കടഭാഗത്തുവെച്ചുതന്നെ ഒടിഞ്ഞുതൂങ്ങുകയും ചെയ്യും.
ഓലകളുടെ കടഭാഗവും മണ്ടയിലെ മൃദുകോശങ്ങളും അഴുകി ദുർഗന്ധം വമിക്കുകയും ചെയ്യും. അഴുകൾ തടയിലേക്ക് വ്യാപിക്കുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞുതൂങ്ങും. പ്രാരംഭത്തിൽതന്നെ രോഗം കണ്ടുപിടിച്ചില്ലെങ്കിൽ തെങ്ങ് പൂർണമായും നശിച്ചുപോകും.
രോഗം ആരംഭിക്കുമ്പോൾ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴയിൽനിന്ന് സംരക്ഷണം നൽകണം. രോഗം ബാധിച്ച തെങ്ങിൽനിന്ന് നീക്കം ചെയ്ത ഭാഗങ്ങൾ കത്തിച്ചുകളയണം. രോഗം ബാധിച്ച തെങ്ങിനും, ചുറ്റും ഉള്ളവക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം അല്ലെങ്കിൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കൊടുക്കണം.
കുരുമുളക് നടാം
കുരുമുളക് വള്ളികൾ നടുന്ന സമയമായി. താങ്ങുമരത്തിൽനിന്നും 15 സെന്റിമീറ്റർ അകലത്തിൽ അരമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുക്കുക. കുഴി ഒന്നിന് അഞ്ചു കിലോഗ്രാം എന്ന തോതിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേൽ മണ്ണുമായി കലർത്തി കുഴി നിറക്കണം. വേരുപിടിപ്പിച്ച രണ്ടോ മൂന്നോ വള്ളികൾ ഓരോ കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണുറപ്പിക്കുന്നത് വെള്ളം കെട്ടിനിൽക്കാതിരിക്കാൻ സഹായിക്കും.
മഴക്കാലം തുടങ്ങിയാൽ കുരുമുളകിനെ ബാധിക്കുന്നതാണ് ദ്രുതവാട്ടരോഗം. രണ്ടരക്കിലോ ട്രൈക്കോഡെർമ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വെക്കുക. ഈ മിശ്രിതത്തിൽനിന്ന് 2.5 കിലോ വീതം ഓരോ കുരുമുളക് ചെടിക്ക് ചുവട്ടിലും ഇട്ടുകൊടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.