കരുതൽ വേണം കാലിത്തീറ്റയിലും
text_fieldsഇക്കഴിഞ്ഞയാഴ്ച തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി ക്ഷീരകർഷകന്റെ പതിമൂന്ന് കന്നുകാലികളുടെ ജീവനെടുത്തത് കപ്പത്തൊലിയിൽ നിന്നുള്ള സയനൈഡ് വിഷബാധയായിരുന്നു. ഇലയിലും തണ്ടിലും കായിലും തൊണ്ടിലുമെല്ലാം സയനൈഡ് സാന്നിധ്യമുള്ള ചെടികളിൽ പ്രധാനമാണ് കപ്പ. ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം എന്നിവയനുസരിച്ച് കപ്പയിലെ സയനൈഡ് സാന്നിധ്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. കയ്പുള്ള കപ്പയിൽ വിഷാംശം കൂടുതലായിരിക്കും. കിഴങ്ങിലുള്ളതിനേക്കാൾ പതിന്മടങ്ങ് സയനൈഡ് വിഷം കപ്പ തൊലിയിലുണ്ട്. റബറിന്റെ ഇല, മണിച്ചോളത്തിന്റെ (സോർഗം) തളിരിലകൾ, കരിമ്പുചെടി, ഹൈഡ്രാഞ്ചിയം പൂച്ചെടി എന്നിവയിലും സയനൈഡ് സാന്നിധ്യമുണ്ട്.
കാലികൾ കഴിച്ചാൽ അപകടമുണ്ടാക്കുന്ന വിഷച്ചെടികൾ വേറെയുമുണ്ട്. വേനലിൽ പൂക്കളും കായ്കളുമൊക്കെയായി സമൃദ്ധമായി വളരുന്ന വള്ളിച്ചെടികളിൽ ഒന്നായ കല്ലുനെരന്ത /വള്ളിനെരന്ത കന്നുകാലികൾക്ക് വിഷസസ്യമാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന പിക്രോടോക്സിൻ വിഷമാണ് കല്ലുനെരന്തയിലുള്ളത്. ഇളംമഞ്ഞ നിറങ്ങളിലുള്ള ചെറിയ പൂക്കുലകളുമായി പൂത്തുനില്ക്കുന്ന ബ്ലൂമിയ ചെടികളും കാലികൾക്ക് വിഷമാണ്.
കുക്കുറച്ചെടി, രാക്കില എന്നൊക്കെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ. ധാരാളമായി പൂക്കുന്ന ഡിസംബര്‍- ജൂണ്‍ കാലയളവിലാണ് സംസ്ഥാനത്ത് ബ്ലൂമിയ വിഷബാധ വ്യാപകമായി കണ്ടുവരുന്നത്. വേനലിൽപോലും നിറയെ ഇലകളുമായി നിൽക്കുന്ന ആൽ വർഗത്തിൽ പെട്ട ചേല/ കാരാൽ മരത്തിന്റെ ഇലകൾ കന്നുകാലികളുടെ ജീവന് ഭീഷണിയാണ്. എരിക്ക്, കൊങ്ങിണി/അരിപ്പൂച്ചെടി, ആനത്തൊട്ടാവാടി, ചേര്, അരളി, ഒതളം, ഉമ്മം, സർപ്പോള, കൊഴുപ്പച്ചീര തുടങ്ങിവയും പശു,ആടുകളുടെ ജീവനെടുക്കാൻ പോന്ന വിഷഘടകങ്ങൾ അടങ്ങിയ സസ്യങ്ങളാണ്. വിഷസസ്യങ്ങൾ വളരുന്ന പ്രദേശങ്ങളിൽ കാലികളെ മേയാൻ വിടുകയോ അത് വെട്ടി കാലികൾക്ക് തീറ്റയായി നൽകുകയോ ചെയ്യരുത്.
കപ്പത്തൊലിയിൽ മാത്രമല്ല വിഷം
പശുവിന് ഒരു ദിവസം 30 കിലോയോളം തീറ്റപ്പുല്ല് ആവശ്യമുണ്ട്. നാരുകളാൽ സമൃദ്ധമായ ഗുണനിലവാരമുള്ള തീറ്റപ്പുല്ലും വൃക്ഷയിലകളും പൈനാപ്പിളില, പയർച്ചെടികൾ പോലുള്ള മറ്റ് പരുഷാഹാരങ്ങളും കന്നുകാലികളുടെ തീറ്റയിൽ കൂടുതൽ ഉൾപ്പെടുത്തണം. തീറ്റയിൽ ഗുണനിലവാരമുള്ള പുല്ലിന്റെ അളവ് കൂടുംതോറും പശുക്കളുടെ ആരോഗ്യവും ഉൽപാദനവും പ്രത്യുൽപാദനശേഷിയുമെല്ലാം മെച്ചപ്പെടും. പെല്ലറ്റ്, ചോളം അടക്കമുള്ള ധാന്യപ്പൊടികൾ, ബിയർ വേസ്റ്റ് ഉൾപ്പെടെയുള്ള സാന്ദ്രീകൃത തീറ്റകൾ ശാസ്ത്രീയക്രമം പാലിച്ച് ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ വേണ്ട അളവിൽ മാത്രം നൽകണം.
ഇളംപുല്ല് മാത്രമായി അധിക അളവിൽ കാലികൾക്ക് നൽകുന്നത് ഒഴിവാക്കണം. തളിർപ്പുല്ലിലെ അധിക ഓക്സലേറ്റ് സാന്നിധ്യം ശരീരത്തിൽ കാൽസ്യവും മഗ്നീഷ്യവും കുറഞ്ഞ് വിറച്ച് വേച്ച് വീഴുന്നതടക്കം കാലികൾക്ക് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. വയർപെരുപ്പം ഉണ്ടാവുന്നത് തടയാൻ പയറിനത്തിൽ ഉൾപ്പെടുന്ന ചെടികൾ എപ്പോഴും ഉണക്കി തീറ്റപ്പുല്ലിനൊപ്പം ചേർത്തുനൽകാൻ ശ്രദ്ധിക്കണം. പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകള്‍ ഒരു കാരണവശാലും വളര്‍ത്തുജീവികള്‍ക്ക് നല്കാന് പാടില്ല. തീറ്റ നനയാൻ ഇടയായാൽ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാനും ശ്രദ്ധിക്കുക. പൂപ്പല്‍ ബാധിച്ച തീറ്റ മറ്റ് തീറ്റകളുമായി ചെറിയ അളവില്‍ കലര്‍ത്തി നല്‍കുന്നതും തെറ്റായ രീതിയാണ്.
കഞ്ഞിയും ചക്കയും ജീവനെടുക്കും
എളുപ്പം ദഹിക്കുന്ന അന്നജസമൃദ്ധമായ കഞ്ഞി, ചോറ് പോലുള്ള ധാന്യവിഭവങ്ങൾ, ചക്ക, പച്ചക്കറി അവശിഷ്ടങ്ങൾ, വേവിച്ച കപ്പ അടക്കമുള്ള കിഴങ്ങ് വർഗങ്ങൾ തുടങ്ങിയവ പശുക്കൾക്കും ആടുകൾക്കും തീറ്റയായി നൽകിയാൽ അവയുടെ ആമാശയത്തിൽ അധികതോതിൽ ലാക്ടിക് അമ്ലം ഉൽപാദിപ്പിക്കപ്പെടും. അപകടകരമായ ഈ അവസ്ഥ അക്യുട്ട് ലാക്ടിക് അസിഡോസിസ് എന്നാണ് അറിയപ്പെടുന്നത്. ഗുരുതരമായാൽ വയറ്റിൽ അമ്ലം ഉയർന്ന് കന്നുകാലികൾ തളർന്ന് വീഴുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.
അന്നജം കൂടുതൽ അടങ്ങിയ ധാന്യത്തീറ്റകളും ചക്ക പോലുള്ള പഴങ്ങളും ആടുകൾക്കും പശുക്കൾക്കും അധിക അളവിൽ നൽകുന്നത് ഒഴിവാക്കണം. തീറ്റക്രമത്തിൽ മാറ്റം വരുത്തുകയോ പുതിയ തീറ്റ ഉൾപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ ക്രമമായി ശീലിപ്പിച്ചതിനു ശേഷം മാത്രം പൂർണ അളവിൽ നൽകാൻ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.