കശുമാങ്ങ സംഭരണം കടലാസിലൊതുങ്ങി
text_fieldsശ്രീകണ്ഠപുരം: സർക്കാർ പ്രഖ്യാപിച്ച കശുമാങ്ങ സംഭരണം ഇത്തവണയും നടന്നില്ല. എല്ലാ തയാറെടുപ്പുകളും നടത്തിയെങ്കിലും കോവിഡിനെ തുടർന്ന് ലോക്ഡൗൺ വന്നതോടെയാണ് കഴിഞ്ഞവർഷം കശുമാങ്ങ സംഭരണം പാളിയത്.
കശുവണ്ടി സംഭരണം നടക്കാത്തതിനാൽ സീസൺ തുടക്കത്തിലേ വിലയിടിവാണ് കർഷകർ നേരിട്ടത്. ഉൽപാദനക്കുറവുമുണ്ടായിട്ടുണ്ട്. കശുമാങ്ങ സംഭരണമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് കർഷകർ കരുതി. എന്നാൽ, ഇത്തവണയും അതുണ്ടായില്ല. കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടി നൽകാനും ധാരണയുണ്ടായിരുന്നു.
മുൻകാലങ്ങളിൽ കശുവണ്ടിക്ക് കി.ഗ്രാമിന് 150 രൂപ വരെ കിട്ടിയിരുന്നിടത്ത് നിലവിൽ 99 രൂപ മാത്രമാണ് ലഭിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞവർഷം കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്കാണ് കശുവണ്ടി ശേഖരിച്ചത്. വിലയിടിവും ഉൽപാദനക്കുറവും വൻ തിരിച്ചടിയാണ് കർഷകർക്ക് സമ്മാനിച്ചത്. ഇത്തവണയെങ്കിലും കശുവണ്ടി -കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് മികച്ച വില നൽകി കർഷകരക്ഷക്ക് വഴിയൊരുക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും എല്ലാം ജലരേഖയാവുകയായിരുന്നു.
കശുമാങ്ങയിൽ നിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ, മറ്റ് വിവിധ ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനാണ് തീരുമാനിച്ചത്. ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. സാമ്പത്തിക ലാഭവും കിട്ടില്ല.
സർക്കാർ സംഭരണം വന്നാൽ കർഷകർക്ക് ഇരട്ടി ഗുണം ലഭിക്കും. കശുവണ്ടിക്കും മാങ്ങക്കും വിലകിട്ടുന്ന സ്ഥിതി വന്നാൽ കശുവണ്ടി കർഷകരുടെ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകും. ഗോവൻ മോഡൽ ഫെനിയും മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിച്ച് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാനാവുമെന്ന് സർക്കാർതന്നെ വിലയിരുത്തിയിരുന്നു. കശുമാങ്ങ ശേഖരണത്തിലും സംസ്കരണത്തിലും നിരവധിയാളുകൾക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും.
കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ നാടുകാണി പ്ലാേൻറഷൻ കോർപറേഷൻ ഓഫിസിനുസമീപം കൂർഗ് റോഡരികിൽ കശുമാങ്ങ ജ്യൂസും സ്ക്വാഷും വിൽപന നടത്തുന്ന കേന്ദ്രം തുറന്നെങ്കിലും കോവിഡ് ഭീതിയെത്തുടർന്ന് സജീവമായില്ല. കശുമാങ്ങ സ്ക്വാഷ് 500 മില്ലിക്ക് 100 രൂപയും ഒരുവലിയ ഗ്ലാസ് ജ്യൂസിന് 20 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്കരണ കേന്ദ്രങ്ങളും ഉൽപന്ന നിർമാണ-വിതരണ കേന്ദ്രങ്ങളും തുടങ്ങാനും തീരുമാനിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. സംസ്ഥാനത്ത് മികച്ച കശുവണ്ടി ഉൽപാദനം നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിലാണ് കശുമാങ്ങ ശേഖരണ -സംസ്കരണ കേന്ദ്രങ്ങൾ വേഗത്തിൽ തുടങ്ങേണ്ടതെന്ന് കർഷക സംഘടനകൾ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. കശുമാങ്ങ സംഭരണം ഇനിയെന്ന് യാഥാർഥ്യമാകുമെന്നാണ് കർഷകർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.