കാമറൂണിലെ മലയാളിയുടെ തോട്ടങ്ങളിൽ ഇനി കാഷ്യൂ കിങ് വിളയും
text_fieldsകേളകം: ജിജുവിന്റെ ഗ്രാഫ്റ്റ് ഇനം കശുമാവ് കാഷ്യൂ കിങ് കടൽ കടന്ന് ആഫ്രിക്കയിലുമെത്തി. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശി ജോഷിയുടെ ആഫ്രിക്കയിലെ കാമറൂണിലുള്ള നൂറുക്കണക്കിന് ഏക്ര കൃഷിയിടത്തിലേക്കാണ് കശുമാവിന്റെ രാജാവെന്ന് ഖ്യാതി നേടിയ കാഷ്യൂ കിങ് കശുമാവ് തൈകൾ കൃഷിയിറക്കുന്നത്. കേളകം അടക്കാത്തോട്ടിലെ കൃഷി വിദഗ്ദനായ പടിയക്കണ്ടത്തിൽ ജിജു ദീർഘകാലത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം വിജയിപ്പിച്ച ഇനമാണ് കാഷ്യൂ കിങ് എന്ന പേരിൽ പ്രസിദ്ധമായത്.
സ്വന്തം കൃഷിസ്ഥലത്ത് ജിജുവിന്റെ കശുമാവുകൾ താങ്ങാവുന്നതിലധികം കായ്ച്ച് നിൽക്കുന്നത് കർഷകർക്ക് വിസ്മയമാകാറുണ്ട്. ഇപ്പോൾ സൗത്ത് ആഫ്രിക്കയിലെ കാമറൂണിലാണ് പുതുതായി കാഷ്യൂ കിങ് കശുമാവ് കൃഷിത്തോട്ടം ഒരുക്കുന്നത്. 25 വർഷമായി ആഫ്രിക്കയിലെ കാമറൂണിൽ വൈവിധ്യകൃഷി നടത്തുന്ന കർഷകനാണ് ആലക്കോട്ജോഷി. കാമറൂണിലെ ഇയാളുടെ തോട്ടത്തിൽ കശുമാവ് കൃഷിക്കായി ആയിരക്കണക്കിന് കാഷ്യൂ കിങ് തൈകൾ ഗ്രാഫ്റ്റ് ചെയ്യുന്നതിനായി പടിയക്കണ്ടത്തിൽ ജിജുവിന്റെ മേൽനോട്ടത്തിൽ കേളകം - അടക്കാത്തോട്ടിൽ നിന്നും കവളമാക്കൽ മജു തോമസ്, നെല്ലിക്കുന്നത്ത് ബിജു, കോട്ടയം സ്വദേശി ബിജു എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശീയരുടെ സഹകരണത്തോടെ പ്രവൃത്തി പുരോഗമിക്കുകയാണിപ്പോൾ. ആയിരക്കണക്കിന്കാഷ്യൂ കിങ് തൈകൾ കാമറൂണിലെ നഴ്സറികളിൽ കൃഷിക്കായി തയാറായിട്ടുണ്ട്.
കൃഷി പലതും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് സ്വന്തമായി നട്ടുവളർത്തി വികസിപ്പിച്ചെടുത്ത കശുമാവിന് കാഷ്യൂ കിങ് എന്നപേര് ജിജു നൽകിയത്. പുതിയ ഇനം വിജയിച്ചതോടെയാണ് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജുവിന്റെ കാർഷിക സ്വപ്നങ്ങൾ പൂവണിയുന്നത്. ഏതുപ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് വരുമാനം നൽകുന്ന കാഷ്യൂ കിങ് ആണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലും താരമാകുന്നത്. കേളകം അടക്കാത്തോട്ടിലെ ജിജുവിന്റെ കാഷ്യൂ കിങിനെ തേടി കടൽ കടന്നും ആളുകളെത്തുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിച്ച് സമൃദ്ധമായി വിളയുന്ന കാഷ്യു കിങ് മഹാരാഷ്ട്ര, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിലേക്കും കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി കാഷ്യൂ കിങിന് ആവശ്യക്കാരെത്തിയതായി ജിജു പറഞ്ഞു. ഗ്രാഫ്റ്റ്കശുമാവ് തൈകൾക്ക് പുറമെ വിവിധയിനം വിദേശ ഫലവൃക്ഷങ്ങളുടെ തൈകൾ, മാവുകൾ പ്ലാവുകൾ, പേരകൾ, ചാമ്പകൾ തുടങ്ങി നിരവധി ഇനങ്ങളുടെ തൈകളും ജിജുവിന്റെ കൈകളിൽ നിന്നു കൃഷിയിടങ്ങളിലേക്ക് പകർന്നെത്തുന്നത് വിജയഗാഥയുടെ തുടർച്ചയായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.