നൂറുമേനിയിൽ പ്രതീക്ഷ പകർന്ന് കാഷ്യു കിങ്
text_fieldsകേളകം: പ്രതികൂല കാലാവസ്ഥയിലും കാഷ്യു കിങ് നൂറുമേനി വിളഞ്ഞത് കർഷകർക്ക് പ്രതീക്ഷയാവുന്നു. മറ്റിനം കശുമാവുകൾ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറയുകയും, കൃഷി കരിഞ്ഞുണങ്ങുകയും ചെയ്തപ്പോൾ അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു തയാറാക്കിയ കാഷ്യു കിങ്ങെന്ന കശുമാവാണ് നൂറുമേനിയിൽ കർഷകർക്ക് പ്രതീക്ഷയായി മാറുന്നത്. വൈവിധ്യകൃഷിയിൽ ശ്രദ്ധ ചെലുത്തുന്ന കർഷകർക്ക് ജിജു എന്ന യുവകർഷകൻ കാഷ്യു കിങിനെ പരിചയപ്പെടുത്തിയിരുന്നു. ജിജുവിന്റെ മൂന്നര ഏക്കർ കശുമാവ് തോട്ടത്തിൽ തന്നെയാണ് ഇവ കായ്ച്ചുനിൽക്കുന്നത്. കൊട്ടിയൂർ ചപ്പമലയിലെ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ മാതൃ കശുമാവിൽ നിന്ന് ശേഖരിച്ച് സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് സജ്ജമാക്കി സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തുകയായിരുന്നു. രണ്ടര പതിറ്റാണ്ടായി കാർഷിക തൈകൾക്കായുള്ള നഴ്സറി നടത്തുകയും, മിസ്റ്റ്- ഡ്രിപ്പ് ഇറിഗേഷൻ പദ്ധതികൾ സംസ്ഥാനത്തിനകത്തും, പുറത്തുമായി സംവിധാനിക്കുകയും ചെയ്യുന്ന ജിജു കർഷകർക്കിടയിൽ ഏറെ സുപരിചിതനാണ്. വിളവ് കാണാൻ നിരവധിയാളുകൾ എത്തുന്നുണ്ടെന്ന് ജിജു പറഞ്ഞു.
തൈകൾ നട്ട് രണ്ടാംവർഷം മുതൽ വിളവെടുക്കാവുന്ന കശുമാവിൽ നിന്ന് ശേഖരിക്കുന്ന കശുവണ്ടി 80 എണ്ണം മാത്രം തൂക്കിയാൽ ഒരുകിലോ ലഭിക്കും. ഗുണമേന്മയും മികച്ച വിളവും ലഭിക്കുന്നതിനാൽ പുതിയ തോട്ടങ്ങളിലേക്ക് ഏറെ അനുയോജ്യമാണ് കാഷ്യു കിങ്.
കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യകൃഷി നടത്തി ലഭിച്ച അനുഭവ സമ്പത്താണ് പുതിയ കൃഷി ഇനങ്ങൾ കണ്ടെത്താൻ ജിജുവിന് പ്രചോദനമായത്. കണ്ണൂരിന്റെ മലയോര മേഖലകളിലും മറ്റു ജില്ലകളിലും കർണാടകയുടെ വിവിധ മേഖലകളിലും കാഷ്യു കിങ് കശുമാവുകൾ നിറയെ കായ്ഫലം ലഭിച്ച് തുടങ്ങിയതായും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.