വേനല്‍മഴ കശുമാവ് കര്‍ഷകര്‍ക്ക് കണ്ണീർമഴ; വില കുത്തനെ ഇടിഞ്ഞു
text_fieldsകൊടകര: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ വേനല്‍മഴ കടുത്ത ചൂടിന് തെല്ല് ആശ്വാസം പകര്‍ന്നെങ്കിലും മലയോരത്തെ കശുമാവ് കര്‍ഷകര്‍ക്ക് തീമഴയായി.
മഴയെ തുടര്‍ന്ന് കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതാണ് കര്‍ഷകരെ വലച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ മഴ നീണ്ടതിനെ തുടര്‍ന്നുണ്ടായ കാലാവസ്ഥ വ്യതിയാനംമൂലം കശുമാവുകള്‍ പൂക്കാന്‍ വൈകിയതിനാല്‍ വിളവെടുപ്പ് ആരംഭിച്ചത് മാര്‍ച്ചിലാണ്.
കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വിളവെടുപ്പ് സീസണിലും കശുവണ്ടി ന്യായവിലക്ക് വിറ്റഴിക്കാനാകാതെ വിഷമിച്ച കര്‍ഷകര്‍ ഇത്തവണ മികച്ച വില പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
2018ല്‍ സീസണ്‍ തുടക്കത്തില്‍ കിലോഗ്രാമിന് 155 രൂപ വില കിട്ടിയ സ്ഥാനത്ത് ഈ വര്‍ഷം 130 രൂപയാണ് കിട്ടിയ കൂടിയ വില.
ആദ്യത്തെ വേനല്‍മഴക്ക് തന്നെ ഈ വില കുറഞ്ഞു. മഴ പെയ്യുമ്പോള്‍ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതാണ് വില കുറയാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ മഴക്കുശേഷം കിലോഗ്രാമിന് 85 രൂപ നിരക്കിലാണ് കശുവണ്ടി സംഭരണം നടക്കുന്നത്.
കശുവണ്ടി പരിപ്പ് വിപണിയില്‍ വലിയ വിലക്ക് വിറ്റഴിക്കപ്പെടുമ്പോഴും കശുവണ്ടി ഉൽപാദിപ്പിച്ച് നല്‍കുന്ന കര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് രക്ഷിക്കാനും ന്യായവില ലഭ്യമാക്കാനും സര്‍ക്കാര്‍ ഇടപെടാത്തതില്‍ കടുത്ത അമര്‍ഷമാണ് കര്‍ഷകര്‍ക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.