കാർഷിക സെൻസസ്; പൊതുജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ
text_fieldsകോട്ടയം: 11ാമത് കാർഷിക സെൻസസിനോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ. കലക്ടറേറ്റിൽ കൂടിയ കാർഷിക സെൻസസിന്റെ ജില്ലതല ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർമാർ സമീപിക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകണം. എന്യൂമറേറ്റർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. പ്രാദേശിക സഹകരണം ലഭ്യമാക്കാൻ കൃഷി, വനം, പൊലീസ്, തദ്ദേശ വകുപ്പുകൾക്ക് നിർദേശം നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ നിർദേശ പ്രകാരം കേന്ദ്ര സർക്കാറാണ് സെൻസസ് നടത്തുന്നത്. സംസ്ഥാനത്ത് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനാണ് നടത്തിപ്പു ചുമതല.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ ജോണി മാത്യു, ജൂഹി മരിയ ടോം, ആർ. രാജേഷ്, എൻ.എം. സാബു, എസ്. സുധീഷ് കുമാർ, എസ്. സൈലേഷ് രാജ്, വി.ആർ. വിനോദ് എന്നിവർ പങ്കെടുത്തു.
കാർഷിക സെൻസസ് എന്തിന്?
വികസന പദ്ധതികൾ ആസൂത്രണം ചെയ്യൽ, സാമൂഹിക-സാമ്പത്തിക നയരൂപവത്കരണം എന്നിവക്ക് കാർഷിക സെൻസസ് വിവരങ്ങളാണ് ഉപയോഗിക്കുക. കാർഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കൽ, കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് പദ്ധതി തയാറാക്കൽ, നയം രൂപവത്കരിക്കാനുള്ള വിവരശേഖരണം, ഭാവിയിലെ കാർഷിക സർവേക്ക് ചട്ടക്കൂട് രൂപവത്കരിക്കൽ എന്നിവയാണ് സെൻസസിന്റെ ലക്ഷ്യങ്ങൾ.
സെൻസസ് മൂന്നുഘട്ടമായി
മൂന്നുഘട്ടമായാണ് സെൻസസ്. ഒന്നാംഘട്ടത്തിൽ എല്ലാ തദ്ദേശ വാർഡുകളിലെയും മുഴുവൻ ഉടമസ്ഥരുടെയും കൈവശമുള്ള ഭൂമിയുടെ എണ്ണം, വിസ്തൃതി, സാമൂഹിക-ജെൻഡർ വിവരങ്ങൾ, ഉടമസ്ഥത, കൃഷിഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 20 ശതമാനം വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന കൃഷിസ്ഥലങ്ങളിലെ കൃഷിരീതി, ജലസേചനം തുടങ്ങിയ വിവരം ശേഖരിക്കും. മൂന്നാംഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഏഴു ശതമാനം സാമ്പിൾ വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന കൃഷിസ്ഥലങ്ങളിൽ കൃഷിക്കാവശ്യമായ വളം, കീടനാശിനി, കൃഷി ഉപകരണങ്ങൾ തുടങ്ങിയവ, ഉപയോഗരീതി എന്നിവ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.