ചാലക്കുടിപ്പുഴയിൽനിന്ന് രാസമാലിന്യം വെസ്റ്റ് കൊരട്ടി പാടശേഖരത്തിൽ നാശം
text_fieldsകൊരട്ടി: വെള്ളപ്പൊക്കത്തിൽ ചാലക്കുടിപ്പുഴയിൽനിന്ന് രാസമാലിന്യം കയറിയതിനെ തുടർന്ന് വെസ്റ്റ് കൊരട്ടി പാടശേഖരത്തിൽ വൻ നാശം. മത്സ്യങ്ങൾ ചത്തുപൊങ്ങി.
പാടശേഖരത്തിലെ പച്ചപ്പുല്ലെല്ലാം കത്തിക്കരിഞ്ഞു. പാടശേഖരത്തോടു ചേർന്ന പറമ്പുകളിലെ ജാതിയും വാഴയും മറ്റു കാർഷികവിളകളും രാസമാലിന്യത്താൽ നശിച്ചു. പാടത്ത് ജോലിക്കാർ പണിക്ക് ഇറങ്ങുമ്പോൾ ശരീരത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതായി പരാതിയുണ്ട്.
അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതിയുടെ കീഴിലുള്ള 200 ഏക്കറോളം പാടശേഖരത്തിലും വാളൂർ പാടശേഖര സമിതിയുടെ കീഴിലുള്ള 100 ഏക്കറിലും മഴക്കാലത്ത് ചാലക്കുടിപ്പുഴയിൽനിന്ന് വെള്ളം കയറുന്നത് പതിവാണ്.
കൊരട്ടിച്ചാൽ വാളൂർ തോടിന്‍റെ മറുകരയിലുള്ള കാടുകുറ്റി പഞ്ചായത്തിലെ ചെറുവാളൂർ, കുലയിടം പാടശേഖരസമിതികളുടെ കീഴിലുള്ള പാടശേഖരങ്ങളിലും കൊരട്ടി പഞ്ചായത്തിലെ വഴിച്ചാൽ പാടശേഖര സമിതിക്ക് കീഴിലും വെള്ളം കയറാറുണ്ട്. മാസാദ്യം ഉണ്ടായ ശക്തിയായ മഴയിൽ 10 ദിവസത്തോളം പാടശേഖരം പൂർണമായും മുങ്ങിക്കിടന്നു.
ചാലക്കുടിപ്പുഴയോരത്തെ ഏതോ ഫാക്ടറിയിൽനിന്ന് ആസിഡ് ഉൾപ്പെടുന്ന മാലിന്യം പുഴയിലേക്ക് തുറന്നുവിട്ടത് പാടശേഖരത്തിൽ പരന്നതാണെന്നാണ് പരാതി. പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് മുന്നൊരുക്കം നടത്തേണ്ട സമയമാണ്. അതിനാൽ അടിയന്തരമായി കാർഷിക വിദഗ്ധരും കൃഷി ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ച് കൃഷിക്ക് തടസമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൃഷി അസി. ഡയറക്ടർക്ക് വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖരസമിതി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.