നൂറേക്കർ നെല്ലിന് ‘ബോഡിഗാർഡ്’ ചെണ്ടുമല്ലി
text_fieldsകൊല്ലങ്കോട്: കൃഷിഭവൻ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിന്റ മേൽനോട്ടത്തിൽ 100 ഏക്കർ നെൽവയലിലെ വരമ്പുകളിൽ ചെണ്ടുമല്ലി വെച്ചുപിടിപ്പിക്കുന്നു. ഇക്കോളജിക്കൽ എൻജിനീയറിങ് എന്നറിയപ്പെടുന്ന കീടനിയന്ത്രണ രീതിയുടെ ഭാഗമായാണ് ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിക്കുന്നത്.
കൃഷിയിടങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് മിത്ര പ്രാണികളുടെ എണ്ണം വർധിപ്പിച്ച് ശത്രുകീടങ്ങളെ തുരത്തുന്ന കൃഷി രീതിയാണ് ഇക്കോളജിക്കൽ എൻജിനീയറിങ്. ജമന്തി, സീനിയ, ഡാലിയ, വാടാമുല്ല, കോഴിച്ചൂണ്ടൻ, തുളസി, ബാൾസം, സൂര്യകാന്തി മുതലായ പൂച്ചെടികൾ മിത്രപ്രാണികൾക്ക് ആഹാരം നൽകി അവയെ സംരക്ഷിക്കാനും ശത്രുക്കളായ കീടങ്ങളെ നശിപ്പിക്കാനും സഹായിക്കുന്നവയാണ്.
വിളകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്തി അധിക വിളവ് ലഭ്യമാക്കുന്നതോടൊപ്പം പൂക്കൃഷിയിൽനിന്നുള്ള ആദായംകൂടി ലഭിക്കുന്നു.
പാടവരമ്പിലും പ്രധാനവിളകളുടെ ചുറ്റിനും ഒരു ബോർഡർ ആയും ഇടവിളകളായും ഇത്തരം പൂച്ചെടികൾ നട്ടുവളർത്താം. പ്രകൃതി ദത്തമായി കൃഷിയിടത്തെ സജ്ജീകരിച്ച് മണ്ണിലെ സൂക്ഷ്മ ജീവികളെ വർധിപ്പിച്ച് കൃഷി ചെയ്യുന്നത് ഉൽപാദന ചെലവ് കുറക്കുന്നതിനോടൊപ്പം വിളകൾക്ക് ആരോഗ്യം നൽകുന്നതായും കൃഷി വിദഗ്ധർ പറയുന്നു. പാടവരമ്പുകളിൽ ചെണ്ടുമല്ലി പുഷ്പിക്കുന്നതോടെ പല കീടങ്ങളെയും ആകർഷിച്ച് നെല്ലിനെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കുന്നു.
കൂടാതെ ചെണ്ടുമല്ലിപ്പൂക്കൾ മിത്രപ്രാണികളുടെ എണ്ണം വർധിപ്പിക്കുന്നത് വഴി നെല്ലിലെ കീടങ്ങളെ തുരത്താൻ ഒരു കാവൽ വളയമായി മാറുന്നു.
കേരളത്തിൽ പൊതുവെ എല്ലാ ദിവസവും ഓണക്കാലത്ത് പ്രത്യേകിച്ചും ഏറെ ആവശ്യക്കാരുള്ള പൂവാണ് ചെണ്ടുമല്ലി. ഒരു ഹെക്റ്ററിൽനിന്ന് 6000 മുതൽ 10000 കിലോ വരെ പൂക്കൾ വിളവെടുക്കാം. കിലോക്ക് 100 രൂപ മുതൽ 150 രൂപ വരെ വില ലഭിച്ചേക്കും. പരിസ്ഥിതി സൗഹൃദ കൃഷിമുറകൾ അനുവർത്തിക്കുന്ന മാതക്കോട് പാടശേഖരത്തിലെ ചെണ്ടുമല്ലിതൈൾ നടീൽ ഉദ്ഘാടനം കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.