ക്ഷീരമേഖലക്ക് ഉണർവേകി ചെറ്റച്ചൽ ജഴ്സിഫാം
text_fieldsപാലോട്: ക്ഷീരകർഷക മേഖലക്ക് ഉണർവേകി ചെറ്റച്ചൽ ജഴ്സിഫാമും വികസന കുതിപ്പിന് ഒരുങ്ങുന്നു. പാലുൽപാദനത്തിലും ആടുമാടുകളുടെ പരിപാലനത്തിലും റെക്കോഡ് നേട്ടം കൈവരിച്ച ഫാമിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച രണ്ടുകോടി രൂപയുടെയും ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 33 ലക്ഷം രൂപയുടെയും വികസനപദ്ധതികൾ അന്തിമഘട്ടത്തിലാണ്.
പ്രതിദിനം 1400 ലിറ്റർ പാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. 'ഗ്രീൻമിൽക്ക്' എന്ന പേരിൽ അരലിറ്ററിന്റെ പാക്കറ്റുകളിലാക്കി ഗ്രാമപ്രദേശങ്ങളിലും തിരുവനന്തപുരം ജില്ല പഞ്ചായത്ത് കാര്യാലയത്തിലും വികാസ് ഭവനിലും കേന്ദ്രീകരിച്ചാണ് അഞ്ച് വർഷമായി പാൽ വിതരണം. 2017 ൽ ആരംഭിച്ച ഗ്രീൻമിൽക്ക് നറുംപാൽ ഇതര ജില്ലകളിലും വിതരണം ചെയ്യുന്നതിന് ആലോചനയുണ്ട്. 200 സങ്കരയിനം കന്നുകാലികളും 65 മലബാറി പെണ്ണാടുകളുമുള്ള ക്യാറ്റിൽ ഫാമും ഗോട്ട് ബ്രീഡിങ് ഫാമും ക്ഷീരമേഖലയിൽ സമൃദ്ധിയുടെ പുതിയ അധ്യായമാണ് രചിക്കുന്നത്. ഇവയിൽ 95 കറവപ്പശുക്കളും 48 പശുക്കുട്ടികളുമാണ്.
ഫാമിലെ ഹാച്ചറിയിൽനിന്ന് ഓരോമാസവും മുപ്പതിനായിരം കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് തദ്ദേശസ്ഥാപനങ്ങൾ മുഖേന കർഷകരിലെത്തിക്കുന്നുണ്ട്. പതിനായിരം മുട്ടശേഷിയുള്ള മൂന്ന് സെറ്ററുകളും ഒരു ഹാച്ചറുമാണ് ഇപ്പോൾ ഫാമിലുള്ളത്. തീറ്റപ്പുൽ റീ പ്ലാന്റിങ് ജോലികളും ഊർജിതമായി മുന്നേറുന്നുണ്ട്. സ്വന്തം ആവശ്യം കഴിഞ്ഞ് അയ്യായിരം ടൺ തീറ്റപ്പുൽ മറ്റു ഫാമുകൾക്കും കർഷകർക്കുമായി വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതി. പ്രതിവർഷം നാലു മുതൽ അഞ്ച് കോടി രൂപ വരുമാനം നൽകുന്ന മാതൃകാ മൃഗസംരക്ഷണ സ്ഥാപനമായി ജഴ്സി ഫാം മാറുമെന്നാണ് കണക്കുകൂട്ടൽ. തൊഴിലാളികളുടെ കുറവ് നികത്താൻ വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാനും രണ്ടു പതിറ്റാണ്ടായി കരാർ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
സർക്കാർ അനുവദിച്ച തുക വിനിയോഗിച്ച് നിർമിക്കുന്ന ഒരു കാഫ് ഷെഡ്, ഹിഫർ ഷെഡ് എന്നിവ പൂർത്തിയാകുന്നതോടെ പുതുതായി 160 കന്നുക്കുട്ടികളെയും കിടാരികളെയും വളർത്താൻ കഴിയും. ഇവയിൽനിന്ന് ശരാശരി 100 ഗർഭിണിപ്പശുക്കളെ കർഷകർക്ക് നൽകാനാവും. പശുക്കളെ പാർപ്പിക്കുന്നതിന് സ്ഥലസൗകര്യം വെല്ലുവിളി ഉയർത്തുന്നുണ്ട്. മൂന്നുമുതൽ ഏഴ് വരെയുള്ള ഷെഡുകളിൽ മാത്രമേ വലിയപശുക്കളെ പാർപ്പിക്കാൻ സൗകര്യമുള്ളൂ. ഇവയെ പാരൻറ് സ്റ്റോക്കായി നിലനിർത്തി പ്രതിവർഷം 120 പ്രസവം നടത്താനാണ് ഫാം അധികൃതർ പദ്ധതി ഒരുക്കിയിട്ടുള്ളത്. 100 പെണ്ണാടുകളെ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പുതുതായി നിർമിക്കുന്ന ഷെഡുകൾ. ഓരോ വർഷവും 300 ആട്ടിൻ കുട്ടികളെ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകും.
ചാണകവും മറ്റു ജൈവവ മാലിന്യങ്ങളും സംസ്കരിച്ച് മണ്ണിര കമ്പോസ്റ്റ് യൂനിറ്റുകൾ സജ്ജീകരിക്കാനും തീറ്റപ്പുൽ കൃഷിയിടങ്ങളിൽ നിൽക്കുന്ന മൂവായിരത്തോളം മരങ്ങളിൽ കുരുമുളക് തൈകൾ വളർത്തി കർഷകരിൽ എത്തിക്കാനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഴ്സറി ഒരുക്കാനുള്ള നടപടികളും പൂർത്തിയാക്കി. കറവവറ്റിയ പശുക്കളെ പാർപ്പിക്കുന്നതിന് 1958 ൽ ട്രൈസ്റ്റോക്ക് ഫാമായി ആരംഭിച്ച ചെറ്റച്ചൽ ജഴ്സി ഫാം മൃഗസംരക്ഷണ വകുപ്പിലെ ഒരു അസിസ്റ്റൻറ് ഡയറക്ടറുടെ കീഴിൽ സ്വതന്ത്ര സ്ഥാപനമായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.