കാലിത്തീറ്റക്ക് പകരം ചോക്ലേറ്റ്? പശുവിൽനിന്ന് കൂടുതൽ പാലും
text_fieldsജബൽപൂർ: പശുവിൽ നിന്ന് കൂടുതൽ പാൽ ലഭിക്കാൻ പച്ചപ്പുല്ലും കാലിത്തീറ്റയുമെല്ലാം മാറി മാറി നൽകും. എന്നാൽ, ചോക്േലറ്റ് നൽകിയാലോ? മധ്യപ്രദേശിലെ ഒരു സർക്കാർ സർവകലാശാല കാലിത്തീറ്റക്ക് ബദലായി ഒരു ചോക്ലേറ്റാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. പാൽ ഉൽപ്പാദനം കൂട്ടാനായി മൾട്ടിവിറ്റമിനും ധാതുസമ്പുഷ്ടവുമായ ചോക്ലേറ്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ജബൽപൂർ ആസ്ഥാനമായ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയാണ് ഗവേഷണത്തിന് പിന്നിൽ. രണ്ടുമാസത്തെ ഗവേഷണത്തിന്‍റെ ഫലമായാണ് പശുക്കൾക്ക് പച്ചപുല്ലിന് പകരം നൽകാൻ കഴിയുന്ന ചോക്ലേറ്റ് വികസിപ്പിച്ചതെന്ന് വൈസ് ചാൻസലർ പ്രഫസർ എസ്.പി. തിവാരി പറഞ്ഞു.
സംസ്ഥാന വെറ്ററിനറി ആൻഡ് ആനിമൽ ഹസ്ബൻഡറി വകുപ്പിന്‍റെ സഹകരണത്തോടെ സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ചോക്ലേറ്റ് നൽകാനാണ് യൂനിവേഴ്സിറ്റിയുടെ തീരുമാനം. ചോക്േലറ്റ് ഉൽപ്പാദനത്തിനായി സ്റ്റാർട്ട് അപ്പുകൾക്ക് നിർമാണ രഹസ്യം കൈമാറാനും സർവകലാശാലക്ക് പദ്ധതിയുണ്ട്.
ചോക്ലേറ്റ് കന്നുകാലികളിൽ പാൽ ഉൽപ്പാദന നിരക്കും ഗർഭധാരണ നിരക്കും പ്രത്യുൽപ്പാദന വളർച്ചയും കൂട്ടും. വിറ്റമിനുകളും പ്രോട്ടീനുകളും ചോക്ലേറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മറ്റു തീറ്റകൾക്കൊപ്പം ചോക്ലേറ്റ് കലർത്തി നൽകിയാൽ മതിയാകും -തിവാരി പറയുന്നു.
500ഗ്രാം വരും ഓരോ ചോക്ലേറ്റിന്റെയും തൂക്കം. കാലിത്തീറ്റകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ചേരുവകളാണ് ഇൗ ചോക്ലേറ്റിൽ ഉപയോഗിക്കുന്നതും. കടുക് കേക്ക്, അരി, ശർക്കര, കഞ്ഞിപ്പശ, ചെറുനാരങ്ങ പൊടി, ഉപ്പ് എന്നിവ ഇതിലും അടങ്ങിയിരിക്കുന്നു. ഓരോ 500 ഗ്രാം ചോക്ലേറ്റിനും 25 രൂപ വില വരും. ചോക്ലേറ്റ് വിപുലമായ രീതിയിൽ വിപണിയിലെത്തിക്കാനാണ് സർവകലാശാലയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.