സിവില്‍ സപ്ലൈസ് നെല്ലെടുത്തില്ല; അവലിനും പൊടിയരിക്കുമായി കര്‍ഷകര്‍ വിറ്റു
text_fieldsഅമ്പലപ്പുഴ: നെല്ലെടുക്കാന്‍ വൈകിയതോടെ വിത്തിന് പാകമാക്കാനിരുന്ന ‘മനുരത്ന’ അവലും പൊടിയരിയുമായി പാക്കറ്റുകളിലെത്തും. പുന്നപ്ര അറവുകാട് കിഴക്ക് പരപ്പിൽ പാടശേഖരത്തെ കൊയ്ത നെല്ലെടുക്കാന്‍ സിവില്‍സപ്ലൈസ് വൈകിച്ചതോടെയാണ് കര്‍ഷകര്‍ അവല് മില്ലിന് നെല്ല് കൊടുത്തത്.
10 ദിവസമായി കൊയ്ത നെല്ലെടുക്കാന്‍ സിവില്‍ സപ്ലൈസ് നടപടി സ്വീകരിക്കാതിരുന്നതിനാല് മില്ലുകാര്‍ നെല്ലെടുക്കാനെത്തിയില്ല. ദിവസങ്ങളായി മഴയത്ത് കൂട്ടിയിട്ട നെല്ല് കിളിര്ത്തും പൂപ്പല്‍ പിടിച്ചും നശിക്കുമെന്ന നിലയിലെത്തി. തുടര്‍ന്നാണ് അവല് നിര്‍മാണ മില്ലുകാര്‍ക്ക് കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്. കര്ഷകന് ഒരു കിലോ നെല്ലിന് സിവില്‍ സപ്ലൈസ് നല്‍കുന്നത് 28.20 രൂപയാണ്. എന്നാല്‍, കിളിര്‍ത്തതും കേടായതുമായ നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയാറാകാറില്ല.
കൂട്ടിയിട്ട നെല്ലെടുക്കാന്‍ ഇനിയും വൈകിയാല്‍ സിവില്‍ സപ്ലൈസ് നിർദേശിക്കുന്ന മില്ലുകാര്‍ നെല്ലെടുക്കാന്‍ തയാറാകാതെവരും. നനവും പുള്ളികുത്തും പറഞ്ഞ് നെല്ലിന്റെ വില കുറക്കാനും സാധ്യതയേറെയാണ്. ഇതുരണ്ടും മൂലമാണ് ഞായറാഴ്ച അവല്മില്ലുകള്ക്ക് നെല്ല് വില്‍ക്കേണ്ടിവന്നത്. 33 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ 11 ഏക്കറിലെ 131 ക്വിന്റല്‍ നെല്ലാണ് കിലോ 25 രൂപക്ക് മില്ലുകാര്‍ക്ക് നല്‍കിയത്. ഇനി 450 ക്വിന്റല്‍ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. ഇതെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പാടശേഖരസമിതി സെക്രട്ടറി മംഗലത്ത് രാജു പറഞ്ഞു.
നെല്ലെടുക്കാനുള്ള സര്‍ക്കാര്‍ നടപടികളിലെ കാലതാമസമായിരുന്നു കാരണമെന്നാണ് പാഡി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തിങ്കളാഴ്ച നെല്ല് പരിശോധിച്ചശേഷം ആരംഭിക്കും. കൊയ്യുന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പാഡി ഓഫിസറെ അറിയിച്ചിരുന്നതാണ്. എന്നാല്‍, കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. കര്‍ഷകര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പല തടസ്സങ്ങളാണ് പറഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ വരെ നെല്ലെടുപ്പ് നടപടികള്‍ ആയിട്ടില്ലെന്നാണ് പാഡി വിഭാഗം ഉദ്യോഗസ്ഥര്‍ പാടശേഖരസമിതി സെക്രട്ടറിയോട് പറഞ്ഞത്. എന്നാല്‍, ഉച്ചക്ക് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചെന്നും അടുത്ത ദിവസം തന്നെ നെല്ലെടുപ്പ് ആരംഭിക്കുമെന്ന വിവരം അറിയിച്ചത്.
ഇളവിത്തായ മനുരത്നയാണ് വിതച്ചത്. ഇത് 90 ദിവസമാകുമ്പോള്‍ കൊയ്യാനാകും. എന്നാല്‍, ഇത്തവണ മഴ ശക്തമായതോടെ 108 ദിവസമായപ്പോഴാണ് കൊയ്യാന്‍ കഴിഞ്ഞത്.
20 ഓളം കര്‍ഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്. കഴിഞ്ഞ കൃഷിയും കര്‍ഷകര്‍ക്ക് നഷ്ടമായിരുന്നു. അതും ഇളവിത്തായിരുന്നു വിതച്ചത്. മറ്റ് പാടശേഖരങ്ങളില്‍ നെല്ല് പാകമാകുന്നതിന് മുമ്പ് പരപ്പില്‍ പാടശേഖരത്തില്‍ നെല്ല് വിളഞ്ഞതോടെ കിളികളുടെ ശല്യം ഏറെയായി. സർക്കാർ അനാസ്ഥമൂലം സ്വകാര്യ കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നതായി കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ. എം.പൈങ്ങാമഠം,പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം, വിഷ്ണു പ്രസാദ് വാഴപ്പറമ്പില്‍, ബാബു മാർക്കോസ് തുടങ്ങിയവര്‍ പാടശേഖരം സന്ദര്‍ശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.