കാലാവസ്ഥ വ്യതിയാനവും കീടബാധയും പാവൽ കർഷകർക്ക് തിരിച്ചടി
text_fieldsചെറുതോണി: കാലാവസ്ഥ വ്യതിയാനവും കീടബാധയും ഹൈറേഞ്ചിലെ പാവൽ കർഷകർക്ക് തിരിച്ചടിയാകുന്നു. കാർഷികരംഗത്ത് ഹൈറേഞ്ചിൽ ഏറ്റവുമധികം കർഷകർ ആശ്രയിക്കുന്ന പ്രധാന ഇനങ്ങളിൽ ഒന്നാണ് പാവൽ. രാസവളങ്ങളുടെ വില വർധനയും ഉൽപന്നത്തിന്റെ വിലത്തകർച്ചയും കടക്കണിയിലേക്ക് നയിക്കുന്നു എന്നാണ് പാവൽ കർഷകർ പറയുന്നത്.
പരിമിതമായ ഭൂമിയുള്ളവർ മുതൽ വലിയതോതിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ ഉൾപ്പെടെ ഹൈറേഞ്ചിലെ വലിയൊരു വിഭാഗം കർഷകരാണ് പാവൽ കൃഷി ഉപജീവനമാക്കിയിട്ടുള്ളത്. എന്നാൽ, അടുത്തിടെ ഉണ്ടായ വിലത്തകർച്ചയും കീടബാധമൂലമുള്ള കൃഷി നാശവും പാവൽ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു.
മുൻകാലങ്ങളിൽ ജില്ലയിൽ എല്ലാ മേഖലയിലും പാവൽ കൃഷി ഉണ്ടായിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സമയത്ത് കർഷകർ ഈ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, പ്രതിസന്ധികൾ വിട്ടൊഴിഞ്ഞതോടെ കർഷകർ പഴം, പച്ചക്കറി കൃഷിരംഗത്തേക്ക് വീണ്ടും കൂടുതൽ ശ്രദ്ധ നൽകി. ഡിസംബർ ആദ്യവാരം വരെ ഹൈറേഞ്ചിൽ ഇടവിട്ട് മഴ പെയ്തതുമൂലം പലയിടത്തും പാവൽച്ചെടികൾക്ക് രോഗബാധ ബാധിച്ചു. 45 രൂപ വിലയുണ്ടായിരുന്ന ഒരുകിലോ പാവക്കക്ക ഇപ്പോൾ 15ലേക്ക് കൂപ്പുകുത്തി. കർഷകർക്ക് മുതൽമുടക്കുപോലും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോൾ. തമിഴ്നാട്ടിൽനിന്ന് വൻതോതിൽ കുറഞ്ഞ വിലയ്ക്ക് പാവക്ക വരുന്നതും കർഷകരെ ബാധിച്ചു. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും പലിശക്ക് പണമെടുത്തും കൃഷി ചെയ്ത കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കർഷകർക്ക് ഇനി പിടിച്ചുനിൽക്കണമെങ്കിൽ സർക്കാറിന്റെ സഹായം വേണം.
എന്നാൽ, കൃഷിവകുപ്പും വി.എഫ്.പി.സി.കെ പോലുള്ള മറ്റ് ഏജൻസികളും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.