രോഗബാധയും വിലയിടിവും; കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsഅടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉൽപാദിപ്പിക്കുന്ന ഇടുക്കിയില്‍ രോഗബാധ വില്ലനാകുന്നു. ഇതുമൂലം കൊക്കോ കൃഷി വ്യാപകമായി നശിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉൽപാദനം 40 ശതമാനം കുറഞ്ഞു. മോശം പരിപ്പായതോടെ വില കുത്തനെയിടിഞ്ഞു. ഈ വർഷം തുടക്കത്തില്‍ ഒരുകിലോ പരിപ്പിന് 1000ത്തിന് മുകളില്‍ വില വന്നിരുന്നു. ഇപ്പോള്‍ ശരാശരി 300 രൂപയാണ് വില. ഈ വിലയ്ക്ക് കൊക്കോ വില്ക്കാന് കര്‍ഷകര്‍ തയാറാണെങ്കിലും എടുക്കാനും ആളില്ല. ഇതോടെ കൊക്കോ കര്‍ഷകര്‍ ദുരിതത്തിലായി. കാലാവസ്ഥ വ്യതിയാനമാണ് വില്ലനെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതിരോധ പ്രവര്‍ത്തനം നടത്താതെ കൃഷിവകുപ്പ് മാറി നില്ക്കുന്നു.
അടിമാലി, മാങ്കുളം, വാത്തിക്കുടി, കൊന്നത്തടി, വെള്ളത്തൂവല്‍ രാജാക്കാട്, കഞ്ഞികുഴി പഞ്ചായത്തുകളിലാണ് കൊക്കോ മുഖ്യമായി കൃഷിയുള്ളത്. 7550 ഹെക്ടര്‍ സ്ഥലത്താണ് ജില്ലയില്‍ കൊക്കോ കൃഷിയുള്ളത്. ഇത്തവണ കായകളെല്ലാം മരത്തില്‍ തന്നെ കരിഞ്ഞു പോയി. വര്‍ഷത്തില്‍ ഏഴു മുതല്‍ ഒമ്പതു മാസംവരെ തുടര്‍ച്ചയായി വിളവ് ലഭിക്കുന്ന കൃഷിയാണ് കൊക്കോ. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ കാലയളവിലാണ് ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നത്.
എന്നാല്‍, കൃത്യമായ തോതില്‍ മഴ ലഭിക്കാത്തതും രോഗം പടരുന്നതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഒരുമരത്തില്‍ സാധാരണയായി 100 മുതല്‍ 200 കായവരെ പിടിക്കാറുണ്ട്. ഇത്തവണ ഒന്നും അവശേഷിക്കാത്ത അവസ്ഥയിലാണ്. ഈ സമയത്ത് ഉൽപാദനം ഉയര്‍ന്ന് നില്‍ക്കേണ്ടതായിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വര്‍ഷത്തില്‍ 20 മുതല്‍ 25 ശതമാനംവരെ വിളവ് നഷ്ടമാകാറുണ്ടെങ്കിലും ഈ വര്‍ഷം കാലാവസ്ഥ ചതിക്കുകയായിരുന്നു.
പൊതുമേഖല സ്ഥാപനമായ കാംകോ, കാഡ്ബറീസ് കമ്പനികളാണ് പ്രധാനമായി കൊക്കോ സംഭരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ കൊക്കോ ഉൽപാദനമുണ്ടെങ്കിലും ജൈവകൃഷിയില്‍ ഉയര്‍ന്ന ഗുണമേന്മ ലഭിച്ചിരുന്നത് ഇടുക്കിയിലെ കൊക്കോക്കായിരുന്നു. ഇത് രാജ്യന്തര വിപണിയിലും ഇടുക്കിയെ മുന്നിലെത്തിച്ചിരുന്നു. മറ്റ് കൃഷിക്കൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്യുന്നത്.
ഫൈത്തോഫ് തോറ എന്ന ഫംഗസാണ് കൊക്കോയെ ബാധിച്ചത്. ഇതിനുപുറമെ ടീമോസ്കിറ്റോകളും നാശംവിതക്കുന്നു. തുരിശും ചുണ്ണാമ്പും ചേര്‍ത്ത ബോര്‍ഡോ മിശ്രിതവും കുലാന്ഫോസുമാണ് ഇതിന്റെ പ്രതിരോധമരുന്ന്. ഇപ്പോള്‍ പള്‍പ്പിന് കിലോക്ക് 70 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.