കണ്ണൂരിൽ തെങ്ങോലപ്പുഴു ബാധ രൂക്ഷം
text_fieldsകണ്ണൂർ: തീരദേശ മേഖലയിലടക്കം കണ്ണൂരിൽ തെങ്ങോലപ്പുഴുവിന്റെ ആക്രമണം ആശങ്ക പടർത്തുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലെയും തെങ്ങോലകൾ തീയേറ്റു കരിഞ്ഞപോലെ ഉണങ്ങിയ നിലയിലാണ്. വേനൽകാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നതെങ്കിലും കാലവർഷം ശക്തമായിട്ടും രോഗബാധ തുടരുന്നതിനാൽ കർഷകർ ആശങ്കയിലാണ്.
കണ്ണൂർ സിറ്റി, നീർച്ചാൽ, കൊടപ്പറമ്പ്, കസാനകോട്ട, മരക്കാർകണ്ടി, താണ, ചൊവ്വ, പുഴാതി, കണ്ണൂക്കര, താവക്കര, കാൽടെക്സ് തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകശല്യം. ഭൂരിപക്ഷം തെങ്ങുകൾക്കും ബാധിച്ചിട്ടുണ്ട്. ഓല കരിഞ്ഞ് തെങ്ങുകൾ നാശത്തിന്റെ വക്കിലാണ്. കായ്ഫലവും കുറയുന്നുണ്ട്. ഒറ്റമാവ്, അണ്ടത്തോട് ഭാഗങ്ങളിലും തെങ്ങോലപ്പുഴു ബാധയുണ്ട്. കണ്ണൂർ, മുണ്ടേരി കൃഷിഭവനുകളുടെ പരിധിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
തെങ്ങിലെ മൂപ്പെത്തിയ പച്ച ഓലകളിലാണ് ഇവ മുട്ടയിടുന്നത്. പെൺപാറ്റ 130ഓളം മുട്ടകൾ ഒരുസമയമിടും. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാർന്നു തിന്നുന്നത് വളർച്ച മുരടിക്കാനും കായ്ഫലം കുറയാനും പതിയെ തെങ്ങ് ഉണങ്ങുന്നതിനും കാരണമാകുന്നു. തീരദേശത്തടക്കം പ്രധാന കൃഷിയായ തെങ്ങിനെ നശിപ്പിക്കുന്ന തെങ്ങോലപ്പുഴു ബാധ വർധിക്കുന്നത് കാർഷികമേഖലയിലുള്ളവർ ഗൗരവത്തോടെയാണ് കാണുന്നത്. രോഗബാധയെയും പ്രതിരോധ മാർഗങ്ങളെ കുറിച്ചും കർഷകർക്കിടയിൽ ബോധവത്കരണം നടത്തണമെന്നും ആവശ്യമുണ്ട്. പ്രതിരോധമൊരുക്കിയാൽ മൂന്നുമാസത്തിനുള്ളിൽ രോഗം പിടിച്ചുനിർത്താനാകുമെന്നാണ് കരുതുന്നത്. നേരത്തെ കണ്ണൂർ കൃഷിഭവൻ പരിധിയിൽ തെങ്ങോലപ്പുഴു ശല്യം കണ്ടെത്തിയതിനെ തുടർന്ന് നിവാരണത്തിനായി എതിർ കീടത്തിനെ നിക്ഷേപിച്ചിരുന്നു. എന്നാൽ, ഇവിടെ ശല്യം കുറവുവന്നെങ്കിലും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
പ്രതിരോധിക്കാം...
തെങ്ങോലപ്പുഴുബാധയുടെ തുടക്കത്തിൽതന്നെ ബാധിച്ച ഓലകൾ വെട്ടിമാറ്റി മറ്റ് ഓലകളുടെ സമ്പർക്കമേൽക്കാതെ തീയിട്ട് നശിപ്പിക്കണം. രോഗം കണ്ടെത്തിയാൽ ഉടൻ കൃഷിഭവനിൽ റിപ്പോർട്ട് ചെയ്യണം.
കൃഷിവകുപ്പ് നൽകുന്ന എതിർ കീടങ്ങളെ തെങ്ങുകയറ്റക്കാരുടെ സഹായത്തോടെ തെങ്ങിന്റെ മണ്ടയിൽ നിക്ഷേപിക്കണം. ഒരു ട്യൂബിൽ ഉറുമ്പുകളുടെ വലുപ്പത്തിലുള്ള 40 എണ്ണം വരെയുള്ള കീടങ്ങളെയാണ് നൽകുക.
ഒരുതെങ്ങിൽ നിക്ഷേപിച്ചാൽ 10 സെന്റ് സ്ഥലത്തെ തെങ്ങുകളുടെ പ്രതിരോധത്തിന് ഇവ മതിയാവും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് തുടങ്ങിയ പ്രാണികൾ പ്രകൃതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.