പച്ചത്തേങ്ങ സംഭരണം: യോഗം വിളിക്കണം -താലൂക്ക് വികസന സമിതി
text_fieldsവടകര: വില കുത്തനെ താഴോട്ട് പതിക്കുന്ന സാഹചര്യത്തിൽ താലൂക്കിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. തഹസിൽദാറുടെ നേതൃത്വത്തിൽ കൃഷി, സഹകരണ വകുപ്പു മേധാവികളുടെ യോഗമാണ് വിളിക്കുന്നത്. പച്ചത്തേങ്ങ സംഭരണം നടക്കാത്തതിനാൽ കേരകർഷകരുടെ പ്രയാസം സമിതി അംഗം പി. സുരേഷ് ബാബുവാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് വടകര താലൂക്കിലാണ് ഏറ്റവും കൂടുതൽ തെങ്ങ് കർഷകരുള്ളതും ഗുണമേന്മയുള്ള നാളികേരം ഉൽപാദിപ്പിക്കുന്നതും. 24 പഞ്ചായത്തുകളിലും വടകര നഗരസഭയിലും ഓരോ സംഭരണ കേന്ദ്രങ്ങൾ ഉണ്ടാകണമെന്നാണ് ആവശ്യം.
കുറച്ച് നാളുകളായി റവന്യൂ വെബ്സൈറ്റിന്റെ തകരാർ മൂലം നികുതി അടക്കാനും മറ്റ് തുടർ നടപടിക്കുമായി എത്തിയവർ നിരാശരായി മടങ്ങുകയാണ്. പ്രശ്നങ്ങൾ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്താനും യോഗം തീരുമാനിച്ചു. വെബ്സൈറ്റ് തകരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകടം നേരിട്ടാൽ ചോമ്പാൽ തുറമുഖം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തന കേന്ദ്രം ആരംഭിക്കണമെന്ന് സമിതി അംഗം പി.പി. രാജനും നഗരത്തിലെ തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നും സമിതി അംഗം പി.പി. കരീമും ഉന്നയിച്ചു. നീർത്തടം നികത്തുന്നതുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ കെ.കെ. പ്രസിൽ അറിയിച്ചു. യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ , സമിതി അംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്പാല , സി.കെ. കരീം, ടി.വി. ഗംഗാധരൻ, പി.പി. രാജൻ , ബാബു പറമ്പത്ത്, പി.പി. അബ്ദുല്ല, പി.എ. മുസ്തഫ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.