കാപ്പി കർഷർ ആശങ്കയിൽ
text_fieldsകട്ടപ്പന: കാലാവസ്ഥ വ്യതിയാനവും മഴയും മൂലം ഹൈറേഞ്ചിൽ കാപ്പിക്കുരു മൂപ്പെത്തും മുമ്പ് പഴുക്കുന്നു. കട്ടപ്പന, വള്ളക്കടവ്, കാഞ്ചിയാർ മേഖലയിലാണ് കാപ്പിക്കുരു പഴുത്തു തുടങ്ങിയത്. ഇത് രോഗബാധ മൂലമാണോ, അതോ കാലാവസ്ഥ വ്യതിയാനം കൊണ്ടാണോയെന്ന് കർഷകർക്ക് തിട്ടമില്ല. സാധാരണ കാപ്പിക്കുരു വിളവെടുപ്പ് ആരംഭിക്കുന്നത് ഡിസംബർ പകുതിയോടെയാണ്. കാപ്പിക്കുരു മൂത്ത് പഴുത്ത് എല്ലാ ചെടികളിലും ഒരേപോലെ വിളവെടുപ്പ് ആരംഭിച്ചെങ്കിൽ മാത്രമേ തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുക്കാൻ കഴിയൂ. ഒരേ ചെടിയിൽതന്നെ പലപ്രാവശ്യം വിളവെടുപ്പ് പ്രായോഗികമല്ല.
ഒരു ചെടിയിൽതന്നെ മൂപ്പാകുന്നതിന് മുമ്പ് ചില കാപ്പിക്കുരു പഴുത്തു തുടങ്ങിയപ്പോൾ അതേ കാപ്പിയിൽ ഭൂരിഭാഗവും മൂപ്പെത്തുന്നതേ ഉള്ളൂ. ഇതുമൂലം കാപ്പി വിളവെടുപ്പ് പ്രതിസന്ധിയിലായി. മഴയും പ്രതികൂല കാലാവസ്ഥയുംമൂലം ഇപ്പോൾ പഴുത്ത കാപ്പിക്കുരു പറിച്ചെടുക്കാനും കഴിയില്ല. ഇത് കർഷകർക്ക് വലിയ നഷ്ടത്തിനിടയാക്കും. പഴുത്ത കാപ്പിക്കുരുവിലെ പരിപ്പ് മൂപ്പെത്താത്തതിനാൽ ഉണങ്ങി എടുത്താലും പ്രയോജനമില്ല. ഇതിനു വില കിട്ടില്ല. അഥവ കാപ്പിക്കുരു പറിച്ചെടുത്താലും നല്ല വെയിൽ ഉണ്ടെങ്കിലേ ഉണക്കിയെടുക്കാനാവൂ. ഇപ്പോൾ നല്ല മഴയായതിനാൽ പറിച്ചെടുത്ത കാപ്പിക്കുരു പൂപ്പൽ പിടിച്ചു നശിക്കും. സൂര്യപ്രകാശം ലഭിക്കാതിരുന്നാൽ അഴുകിപ്പോകാനും ഇടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.