കാപ്പിപ്പൊടിക്ക് പൊന്നുംവില: കർഷകന് തുച്ഛവില
text_fieldsകോട്ടയം: കാപ്പിപ്പൊടിക്ക് പൊന്നും വിലയായിട്ടും മധ്യകേരളത്തിൽ കർഷകർക്ക് ലഭിക്കുന്നത് തുച്ഛലാഭം. സംഭരിച്ച കാപ്പിക്കുരു കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.
കിഴക്കൻ മേഖലയിലെ മഴയും കാലാവസ്ഥയിലെ മാറ്റവുമാണ് വിലവർധനക്ക് കാരണം. ഇത്തവണത്തെ സീസൺ വിളവെടുപ്പ് തീരെ കുറവായിരുന്നെന്ന് കർഷകർ പറയുന്നു. കാപ്പിക്ക് 170 രൂപയും കാപ്പിപ്പൊടിക്ക് കിലോക്ക് 280 രൂപക്ക് മുകളിലുമാണ് വില.
റബർ തോട്ടങ്ങളിലും പുരയിടങ്ങളിലും കാപ്പിക്കുരു ഇടവിളയായി കൃഷിചെയ്യുകയാണ് പതിവ്. ജില്ലയിൽ മേലുകാവ്, പാമ്പാടി, എരുമേലി, മണിമല, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാർ മേഖലകളിലാണ് കൂടുതലും ഉൽപാദനം. നാടൻ കാപ്പിക്കുരുവിെൻറ ലഭ്യതക്കുറവ് മൂലം ഉയരംകുറഞ്ഞ റോബസ്റ്റ കാപ്പികളാണ് ഇപ്പോൾ കൂടുതലായും കൃഷിചെയ്യുന്നത്. കാപ്പിക്കുരു സംഭരിക്കാനുള്ള ഒരു സംവിധാനവും ജില്ലയിലില്ല. കോഫി ബോർഡിെൻറ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് നിർത്തലാക്കി.
നിലവിൽ കാപ്പിപ്പൊടി നിർമിക്കുന്ന ചെറിയ കമ്പനികൾക്കാണ് കർഷകർ കാപ്പിക്കുരു നൽകുന്നത്. തിപ്പൊലി എന്ന തവിട് മാതൃകയിലുള്ള വസ്തു ചേർത്ത വ്യാജ കാപ്പിപ്പൊടികൾ വിപണിയിൽ എത്തുന്നുണ്ട്. പുളിപ്പും, കയ്പുമുള്ള കാപ്പിപ്പൊടികളാണ് ഇവ. വ്യാജ കാപ്പിപ്പൊടികൾ വിപണിയിൽ എത്തുന്നത് തടയാൻ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ മേൽനോട്ടത്തിൽ കർശന പരിശോധന വേണമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.