മഹാമാരിയെ അതിജീവിക്കാൻ പുതുവഴി തേടി അധ്യാപകൻ
text_fieldsകുന്ദമംഗലം: കോവിഡ് പ്രതിസന്ധിയെ കൃഷിയിലൂടെ അതിജയിക്കാനൊരുങ്ങുകയാണ് അധ്യാപകനായ പി.എൻ. ശശിധരൻ. കാരന്തൂർ സീടെക് കോളജ് പ്രിൻസിപ്പലായ ഇദ്ദേഹം അടച്ചിടലുകൾക്ക് തന്നെ തോൽപ്പിക്കാനാവില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ്.
കഴിഞ്ഞ വർഷം മാർച്ചിലാണ് സീടെക് കോളജ് അടച്ചത്. 40ൽപരം അധ്യാപകരുടെ ഉപജീവന മാർഗമാണ് ഇതോടെ ഇല്ലാതായത്. ഇതോടെ പരമ്പരാഗതമായി കിട്ടിയ അറിവുമായി മാഷ് കൃഷിയിലേക്ക് തിരിയുകയായിരുന്നു.
ഭാര്യ ശോഭനയും മകൻ അഭിജിത്തും മകൾ ആർഷയും മരുമകൻ ഷിയോലാലും പിന്തുണയുമായി നിന്നതോടെ പന്തീർപാടത്തുള്ള വീടിനോട് ചേർന്ന 30 സെൻറ് ഭൂമി പാട്ടത്തിനെടുത്ത് നിലമൊരുക്കി. സ്വന്തം സ്ഥലം ഉൾപ്പെടെ അരഏക്കറിൽ ജൈവകൃഷി തുടങ്ങി.
ഇപ്പോൾ കൃഷിയിടം കാർഷിക നഴ്സറി ആക്കിയിരിക്കുകയാണ്. ഫലവൃക്ഷ തൈകളും അപൂർവ ഇനം ചെടികളും ഔഷധ സസ്യങ്ങളും പക്ഷികളും അലങ്കാര മത്സ്യങ്ങളും തീറ്റപ്പുല്ലുകളും വിൽപനക്കായി വളർത്തിയ 'പന്തീർപാടം പ്ലാംതോട്ടത്തിൽ ഗാർഡൻ ആൻഡ് നഴ്സറി' കണ്ണിന് കുളിർമയാണ്.
വിദ്യാഭ്യാസ പ്രവർത്തകൻ, സ്റ്റേറ്റ് പാരലൽ കോളജ് അസോസിയേഷൻ മലബാർ മേഖല സെക്രട്ടറി, കാരന്തൂർ പാറ്റേൺ സ്പോർട്സ് ക്ലബ് വൈസ് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിക്കുന്ന മാഷിന് മഹാമാരിക്കാലം കഴിയുന്നതോടെ എല്ലാം മകനെ ഏൽപ്പിച്ച് പ്രിൻസിപ്പലായി തുടരാൻ തന്നെയാണ് ആഗ്രഹം.
നഴ്സറിയുടെ ഉദ്ഘാടനം പി.ടി.എ. റഹിം എം.എൽ.എ നിർവഹിച്ചു. സംസ്ഥാന മദ്റസ ടീച്ചേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.