മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsകൽപറ്റ: സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാൻ സാധിക്കും. ക്ഷീരമേഖലയില്‍ കൂടുതല്‍ പാല് ഉൽപാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുംമന്ദം ലൂര്‍ദ് മാത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനം പാല് ഉൽപാദനത്തില് 90 ശതമാനം നേട്ടം കൈവരിച്ചു. കൂടുതല്‍ പാല് ഉൽപാദിപ്പിക്കുന്ന ജില്ലകളില്‍ വയനാട് രണ്ടാമതാണ്. തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ പാല് ഉൽപാദിപ്പിക്കാന് കഴിയുമെന്നും ക്ഷീരസംഘങ്ങളിലൂടെ ശേഖരിക്കുന്ന പാലിന്റെ കറവ സമയം മാറ്റിയതോടെ 10 ശതമാനം അധിക പാല് ലഭ്യമാകുന്നതായും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ, മറ്റ് തീറ്റ ഉൽപന്നങ്ങള് കഴിച്ച് കന്നുകാലികള്‍ ചത്താല്‍, മരണകാരണമായ ഭക്ഷ്യോൽപന്നം ഇറക്കുമതി ചെയ്ത കമ്പനി കന്നുകാലിയെ വാങ്ങി നല്‍കണം. ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ ഉറപ്പാക്കും. കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ചികിത്സക്കായുള്ള ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതി പുനഃസ്ഥാപിച്ചിച്ചിട്ടുണ്ട്. പദ്ധതിയില്‍ 6000 പേരാണ് അംഗങ്ങളായിട്ടുള്ളത്. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ് വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച ക്ഷീരകര്‍ഷകർക്ക് ആദരം
ജില്ലയിലെ മികച്ച ക്ഷീരകര്ഷകന്, വനിത ക്ഷീരകര്‍ഷക, പട്ടികജാതി-വര്‍ഗ ക്ഷീരകര്ഷകന്, മികച്ച യുവ ക്ഷീരകര്ഷകന് എന്നിവരെ മന്ത്രി ആദരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽപെട്ട കര്‍ഷകര്‍ക്കുള്ള സഹായവും മന്ത്രി കൈമാറി. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജോയന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ആര്. രാംഗോപാല്‍, ക്ഷീരസംഗമം കമ്മിറ്റി ചെയര്മാന് എം.ടി. ജോണ്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു, ജില്ല പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ബഷീര്‍, എന്‍.സി. പ്രസാദ്, തരിയോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്പേഴ്സന്മാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, കെ.എന്‍. ഗോപിനാഥന്, രാധാമണി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.