ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നൽകാമെന്ന ശിപാർശ വിവാദത്തിൽ
text_fieldsന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അനുമതി നൽകാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജനിതക എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയുടെ (ജി.ഇ.എ.സി) ശിപാർശ വിവാദത്തിൽ. 2017ൽ അപ്രൈസൽ കമ്മിറ്റി ഇതേ നിർദേശം നൽകിയിരുന്നുവെങ്കിലും, കൂടുതൽ പഠനങ്ങൾ വേണമെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതിമന്ത്രാലയം അംഗീകരിച്ചിരുന്നില്ല.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ.) മേൽനോട്ടത്തിൽ രണ്ടുതരം ജനിതകമാറ്റം വരുത്തിയ കടുക് പുറത്തിറക്കാനാണ് കഴിഞ്ഞ 17ന് ചേർന്ന ജി.ഇ.എ.സി. യോഗം ശിപാർശ ചെയ്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി നൽകുന്നതിന് മുമ്പ് തേനീച്ചകളടക്കം മറ്റു പ്രാണികളെ ജനിതകവിളകൾ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച ഫീൽഡ് സ്റ്റഡി നടത്താനും കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.
തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. ജി.എം. രഹിത ഇന്ത്യക്കായുള്ള കൂട്ടായ്മക്കുപുറമെ ആർ.എസ്.എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും തീരുമാനത്തെ ശക്തമായി എതിർത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി. അനുമതി ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ജി.എം. രഹിത ഇന്ത്യക്കായുള്ള കൂട്ടായ്മ പ്രതിനിധി കവിത കുറുഗന്തി കത്തിൽ ചൂണ്ടിക്കാട്ടി. 2017ൽ കമ്മിറ്റി ജി.എം കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ ശിപാർശ നൽകിയപ്പോൾ, മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ജി.എം കടുക് കൃഷിചെയ്യാൻ ഇപ്പോഴെന്നല്ല , ഒരിക്കലും അനുവദിക്കരുതെന്ന് സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു. ഉത്തരവാദിത്തരഹിതമായ രീതിയിലാണ് ജി.ഇ.എ.സി പ്രവർത്തിക്കുന്നതെന്നും പിൻവാതിലിലൂടെ അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മഞ്ച് സഹ കൺവീനർ അശ്വിനി മഹാജൻ മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. തദ്ദേശീയമായി ഉൽപാദിപ്പിച്ചതാണ് വിത്തുകളെന്ന വാദത്തെയും മഹാജൻ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.