പ്രതിസന്ധി രൂക്ഷം; നെൽപ്പാടങ്ങളിൽ മിക്കതും മേച്ചിൽ പുറങ്ങളായി
text_fieldsഅമ്പലപ്പാറ അറവക്കാട് പ്രദേശത്ത് ഒന്നാം വിള ഉപേക്ഷിച്ച പാടശേഖരം
ഒറ്റപ്പാലം (പാലക്കാട്): കോവിഡ് വ്യാപനവും ലോക്ഡൗണും കാർഷിക മേഖലക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടി. പ്രാദേശിക കൂട്ടായ്മകൾ തരിശ് നിലങ്ങൾ പച്ചപിടിപ്പിക്കുമ്പോൾ മറുവശത്ത് മഹാമാരിയുടെ കാലത്ത് ഒന്നാംവിള നെൽകൃഷിയിൽ നിന്ന് കർഷകർ പിൻവാങ്ങിയതോടെ നൂറുമേനി വിളവ് നൽകിയിരുന്ന നെൽപ്പാടങ്ങൾ മേച്ചിൽ പുറങ്ങളായി മാറുകയാണ്. ഒറ്റപ്പാലം ബ്ലോക്ക് പരിധിയിൽ ഇത്തവണ 220 ഹെക്ടറാണ് ഒന്നാംവിള നെൽകൃഷിയിൽ കുറവുണ്ടായത്. കഴിഞ്ഞ വർഷം 1120 ഹെക്ടറിൽ കൃഷിയുണ്ടായിരുന്നത് ഇത്തവണ 900 ആയി ചുരുങ്ങി. 200 ഹെക്ടറിൽ കൃഷിയിറക്കിയ അമ്പലപ്പാറ പഞ്ചായത്താണ് ഇക്കുറി മുന്നിൽ.
ഒറ്റപ്പാലത്ത് 180 ഹെക്ടറിലാണ് ഒന്നാം വിള ഇറക്കിയിരിക്കുന്നത്. വല്ലപ്പുഴ -17, ലക്കിടി, അനങ്ങനടി പഞ്ചായത്തുകളിലായി -150, വാണിയംകുളം -60, ചളവറ -80, തൃക്കടീരി -40 എന്നിവ ഇതിൽ ഉൾപ്പെടും. മൂന്ന് വർഷം മുമ്പുള്ളതിൽ നിന്ന് 700 ഹെക്ടറിെൻറ കുറവുണ്ട് ഇത്തവണ.
1600 ഹെക്ടറായിരുന്നു അന്നത്തെ ഒന്നാം വിള. ലോക്ഡൗൺ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷാമം ഒന്നാം വിളയിറക്കുന്നതിന് മറ്റൊരു പ്രതിസന്ധി സൃഷ് ടിച്ചു. വർധിച്ച കൃഷി ചെലവും കാലാവസ്ഥയിലെ താളക്കേടും കാട്ടുപന്നികളുടെ ശല്യവും അനുബന്ധ ദുരിതവുമാണ്.
വർഷം തോറും ഒന്നാം വിളയിറക്കുന്ന കർഷകരുടെ എണ്ണത്തിലും സാരമായ കുറവുണ്ട്. കോവിഡും ലോക്ഡൗണും ഇതിന് ആക്കം കൂട്ടിയെന്നുമാത്രം. ഒറ്റ വിളയിൽ കൃഷി ഒതുക്കുന്ന പ്രവണതയാണ് മേഖലയിൽ കാണുന്നത്. രണ്ടാം വിളയിൽ കളശല്യം കുറയും. വൈക്കോലിന് കൂടുതൽ വില ലഭിക്കുന്നതും രണ്ടാം വിളയിലാണ്. അതുകൊണ്ടുതന്നെ 2000 ഹെക്ടറിന് മുകളിൽ രണ്ടാം വിള ഇറക്കിവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.