കൃഷിനാശം; കർഷകർക്ക് നഷ്ടപരിഹാരമായില്ല
text_fieldsഅടിമാലി: വരൾച്ചമൂലമുണ്ടായ കൃഷിനാശത്തിന് കർഷകർക്കു നഷ്ടപരിഹാരം നൽകാൻ നടപടി വൈകുന്നു. എം.പി, എം.എൽ.എമാർ, മത്സരരംഗത്തുള്ള സ്ഥാനാർഥികൾ, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ എന്നിവരെല്ലാം തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കൃഷിമേഖലയിലെ തകർച്ച കാണാൻ സമയം കണ്ടെത്തിയിരുന്നു. എന്നാൽ, കർഷകരുടെ നഷ്ടത്തിന് പരിഹാരം മാത്രം ഉണ്ടായില്ല. ഇടുക്കിയെ വരൾച്ചബാധിത മേഖലയായി പ്രഖ്യാപിക്കുമെന്നും കർഷകരുടെ നഷ്ടം കൃത്യമായി കണക്കാക്കണമെന്നും ആവശ്യം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല. ഏലം കൃഷി മേഖലയിലാണ് വരൾച്ച കൂടുതൽ നാശം വരുത്തിയത്. കുരുമുളക്, കാപ്പി, വാഴ, കമുക് തുടങ്ങിയവയും മരങ്ങളും ഉണങ്ങി നശിച്ചു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ പെയ്തെങ്കിലും ഇത് ആശ്വാസമായില്ല. എന്നാൽ, വരൾച്ച ദുരിതാശ്വാസം അധികൃതർ മറന്ന മട്ടാണെന്ന് കർഷകർ പറയുന്നു.
ഓൺലൈൻ സൈറ്റ് പ്രവർത്തിക്കാതെ കിടക്കുന്നു. കൃഷിഭവനുകളിൽ അപേക്ഷ സ്വീകരിക്കുന്നുമില്ല. വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തതിനാൽ നഷ്ടപരിഹാരത്തിന് അപേക്ഷ സ്വീകരിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വേനലിലെ കൃഷിനാശം പരിശോധിക്കാൻ മഴക്കാലം വരെ കാത്തുനിന്നാൽ ഒന്നും ലഭിക്കില്ലെന്നും കർഷകർ പറയുന്നു. കൃഷിനാശം പരിശോധിച്ച് നഷ്ടം വിലയിരുത്താനുള്ള സംഘം ചിലയിടങ്ങളിൽ പരിശോധ നടത്തിയിരുന്നു.
ബൈസൺവാലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. ഏലം കൃഷിയാണ് ഇവിടെ കൂടുതൽ നശിച്ചത്. മുട്ടുകാട് പാടശേഖരം ഉൾപ്പെടെ വലിയ നാശം നേരിട്ടു. ചെടികൾ കരിഞ്ഞുണങ്ങിയതിന് പുറമെ വിളവിലും ഗുണമേന്മയിലും സംഭവിച്ച നഷ്ടവും വിലയിരുത്തി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. വരൾച്ച രൂക്ഷമായ സമയത്ത് കൃഷിവകുപ്പ് ശേഖരിച്ച റിപ്പോർട്ടുകളും പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.