പാലക്കാട് ജില്ലയിൽ 10.31 കോടിയുടെ കൃഷിനാശം
text_fieldsപാലക്കാട്: ജില്ലയിൽ ഒക്ടോബർ 17 മുതൽ 19 വരെയുണ്ടായ കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കൃഷി വകുപ്പിെൻറ എഫ്.ഐ.ആർ അനുസരിച്ചാണ് നാശനഷ്ടം കണക്കാക്കിയത്. 1,442 കർഷകർക്കായാണ് ഇത്രയും നഷ്ടം.
1380 കർഷകരുടേതായി 673.5 ഹെക്ടർ ഒന്നാംവിള നെൽകൃഷി നശിച്ചിട്ടുണ്ട്. 10.10 കോടി രൂപയുടെ നാശനഷ്ടമാണ് ഇതിൽ കണക്കാക്കുന്നത്. രണ്ടാം വിള നെൽകൃഷിക്കായി തയ്യാറെടുക്കുന്ന 22 കർഷകരുടെ 9.5 ഹെക്ടറിലായി 14.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 4.4 ഹെക്ടറിലായി പന്തലിട്ടു വളർത്തുന്ന പച്ചക്കറിയിനത്തിൽ 13 കർഷകരുടേതായി 1.98 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. മറ്റു പച്ചക്കറിയിനത്തിൽ 1.60 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. കേരകൃഷിയിൽ 75000, ഇഞ്ചികൃഷിയിൽ 60000, വാഴകൃഷിയിൽ 1.64 ലക്ഷം രൂപയുടെയും നാശനഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്.
ജില്ലയിൽ ജൂൺ ഒന്നുമുതൽ ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് കനത്ത മഴയിൽ 61.46 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മൊത്തം 10,430 കർഷകർക്കാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്.
കാർഷിക മേഖലയിൽ തഴച്ചുവളർന്ന് ദുരിതവും കടവും
ആലത്തൂർ: മഴ തുടരുന്നതിനാൽ വിളഞ്ഞ നെൽപാടങ്ങൾ കൊയ്തെടുക്കാൻ കഴിയാതെ കർഷകരുടെ ദുരിതം കൂടുന്നു. നെല്ല് നശിക്കുന്നതിനാൽ കടവും വർധിക്കുകയാണ്. മഴയിൽ നനഞ്ഞ നെൽച്ചെടികൾ കൊയ്തെടുത്താൽ തന്നെ നെല്ലും പതിരും വേർതിരിക്കാൻ കഴിയുന്നില്ല. വൈക്കോലും നെല്ലും കുഴഞ്ഞുകൂടി യന്ത്രത്തിൽ കുടുങ്ങുന്നതിനാൽ മഴയത്ത് കൊയ്ത്തും നടത്തുന്നില്ല.
ഒരേക്കർ കൊയ്യാൻ ഒന്നു മുതൽ ഒന്നേകാൽ മണിക്കൂർ വരെയാണ് സാധാരണനിലയിൽ വേണ്ടത്. മഴയിൽ കൊയ്താൽ അര മണിക്കൂർ അധികം വേണം. മിക്ക പാടശേഖരങ്ങളിലും ഫാം റോഡുകൾ ഇല്ലാത്തതിനാൽ വെള്ളമുള്ള പാടങ്ങളിൽ കൊയ്ത്ത് നടത്തുന്നത് മറ്റൊരു അധിക ചെലവാണ്.
യന്ത്രം കൊയ്തെടുക്കുന്ന നെല്ല് ട്രാക്ടർ ട്രെയിലറിലാണ് കടത്തുന്നത്. വയലിൽ വെള്ളമുള്ളതുകൊണ്ട് ട്രാക്ടർ നിൽക്കുന്ന സ്ഥലം വരെ കൊയ്ത്ത് യന്ത്രം പോയി നെല്ല് കൊട്ടികൊടുക്കേണ്ടി വരുന്നതിനാൽ അത്രയും സമയത്തിെൻറ വാടക കൂടി നൽകണമെന്നതാണ് അധിക ചെലവ്.
സാധാരണ രണ്ടാം വിളയിൽ മിക്കയിടത്തും വയലിൽ വെള്ളമുണ്ടാകില്ല.
അതിനാൽ കൊയ്തൊഴിഞ്ഞ പാടത്തുകൂടി കൊയ്ത്ത് യന്ത്രം നിൽക്കുന്നിടം വരെ ട്രാക്ടറുകൾക്ക് പോകാൻ കഴിയും. ഇപ്പോൾ തുടരെ പെയ്യുന്ന മഴയെ തുടർന്ന് യന്ത്രങ്ങൾ വെറുതെ നിൽക്കുന്നത് കൊണ്ട് അവർക്കും നഷ്ടം വരും. അത് സഹിക്കാൻ കൊയ്ത്തു യന്ത്രത്തിെൻറ ഉടമകൾ തയ്യാറാകാത്തതിനാൽ മഴയില്ലാത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് യന്ത്രങ്ങൾ കൊണ്ടുപോവുകയാണ്.
മെഷീെൻറ എണ്ണം കുറയുന്നത് വീണ്ടും ഇവിടത്തെ കർഷകർക്ക് ദുരിതം വരുത്തും. ആവശ്യക്കാർ അധികമാകുമ്പോൾ വാടക വീണ്ടും വർധിപ്പിക്കും.
ഡ്രൈവർ, മെക്കാനിക്ക്, കുക്ക് ഉൾപ്പെടെ ഓരോ കൊയ്ത്തു യന്ത്രത്തിനൊപ്പവും നാലും അഞ്ചും തൊഴിലാളികളുണ്ടാവും. വാഹനം ഓടിയില്ലെങ്കിലും ഇവർക്ക് ബത്ത നൽകേണ്ടി വരും. അതുകൊണ്ടാണ് വാഹനം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
ഇപ്പോൾ നാലും അഞ്ചും വാഹനങ്ങൾ ഓരോ ഏജൻറുമാരുടെ പക്കലുമുണ്ട്. യന്ത്രങ്ങൾ പോകുന്നതോടെ ഒന്നും രണ്ടും വാഹനങ്ങളായി ചുരുങ്ങും. രണ്ടാഴ്ചയ്ക്കുള്ളിൽ മേഖലയിലെ മുഴുവൻ കൊയ്ത്തും തീരേണ്ട സ്ഥിതിയുള്ളപ്പോഴാണ് യന്ത്രങ്ങളുടെ ക്ഷാമം കൂടി വരുന്നത്.
ഡീസൽ വില നൂറ് കടന്നതോടെ വാടക 2,400 രൂപ ആയിട്ടുണ്ട്. ജീവനക്കാരുടെ ബത്തയും ഏജൻറ് കമ്മീഷനും നൽകേണ്ടതിനാൽ ഈ വാടകക്കും ഓടാൻ കഴിയില്ലെന്നാണ് കൊയ്ത്ത് യന്ത്രത്തിെൻറ ഉടമകൾ പറയുന്നത്.
ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 273 പേർ
പാലക്കാട്: ജില്ലയിൽ നിലവിൽ നാല് താലൂക്കുകളായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 273 പേരാണുള്ളത്.
മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെൻറ് യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിലവിൽ 36 കുടുംബങ്ങളിലെ 103 പേരാണുള്ളത്. ഒറ്റപ്പാലം താലൂക്കിൽ കൂനത്തറ ജി.വി.എച്ച്.എസ്.എസിൽ 10 പേരും കാരാട്ട്കുറുശ്ശി എൽ.പി സ്കൂളിൽ ആറുപേരും കീഴൂർ യു.പി സ്കൂളിൽ 33 പേരും പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ 10 പേരുമാണുള്ളത്. പാലക്കാട് താലൂക്കിൽ മലമ്പുഴ വില്ലേജിലെ ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 79 പേരാണുള്ളത്.
ചിറ്റൂർ താലൂക്കിൽ അയിലൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ ആരംഭിച്ച ക്യാമ്പിൽ 32 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.